മണൽത്തിട്ടകൾക്ക് നടുവിൽ സമൃദ്ധമായ സസ്യജാലങ്ങളാൽ വളയപ്പെട്ട മനോഹരമായ ആകൃതിയിലുള്ള തടാകങ്ങൾ വിശ്വസനീയമായ ഒരു ആശയമായി ആർക്കും തോന്നണമെന്നില്ല. മരുഭൂമിയിലെ മരുപ്പച്ചകൾ എന്നത് പലർക്കും കുട്ടിക്കാലത്ത് വായിച്ചിരുന്ന കഥകളിലെ, കണ്ടിരുന്ന കാർട്ടൂണുകളിലെ മരീചികകൾ ആണിന്നും.
പെറുവിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ഇക (Ica). ഇകയുടെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണ് അമേരിക്കയുടെ ഒയാസിസ് എന്നറിയപ്പെടുന്ന ഹുകാചിന ഒയാസിസ് (Huacachina oasis). മരുഭൂമികളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലം ഓരോ യാത്രികനും അവിസ്മരണീയമായ അനുഭവവങ്ങൾ സമ്മാനിക്കുമെന്നതിൽ സംശയമില്ല.
ഈ മരുപ്പച്ചയുടെ ഉത്ഭവത്തെപ്പറ്റി ഒരുപാട് കഥകൾ ഉണ്ടെന്നിരിക്കെ, പ്രസിദ്ധമായ കഥകളിൽ ഒന്നിൽ ഈ സ്ഥലത്തിന് എങ്ങനെ ഈ പേര് ലഭിച്ചു എന്നും വിശദീകരിക്കുന്നു.
വിവാഹശേഷം യുദ്ധത്തിനായി പുറപ്പെട്ട രാജകുമാരൻ യുദ്ധത്തിൽ മരിക്കുകയും, ഈ വാർത്തയറിഞ്ഞ രാജകുമാരി അവർ ആദ്യമായി കണ്ടുമുട്ടിയ ഈ സ്ഥലത്ത് വന്നിരുന്ന് കരയുകയും ചെയ്തു. അങ്ങനെ അവരുടെ അനന്തമായ കണ്ണുനീരിൽ നിന്നാണ് ഈ തടാകം രൂപപെട്ടതെന്നും പ്രദേശവാസികൾ വിശ്വസിക്കുന്നു. ‘Huaca’ എന്നാൽ കരയുക എന്നും, ‘China’ എന്നാൽ സ്ത്രീ എന്നും, ‘Huacachina’ എന്നാൽ ‘കരയുന്ന സ്ത്രീ’ എന്നും അർത്ഥമാകുന്നു.
മറ്റൊരു പതിപ്പിൽ, അതിസുന്ദരിയായ ഒരു രാജകുമാരി കുളിക്കാൻ തുടങ്ങുമ്പോൾ, ഒരു വേട്ടക്കാരൻ തന്നെ സമീപിക്കുന്നതായി കണ്ണാടിയിൽ കാണുകയും, ഭയന്ന് ഓടുകയും ചെയ്തു. അവളെ പൊതിഞ്ഞിരുന്ന തുണി മണൽക്കൂനകളായും, താഴെവീണ് തകർന്ന കണ്ണാടി തടാകമായും മാറി.
പിന്നീട് ഈ രാജകുമാരി ഒരു മൽസ്യകന്യകയായി ഈ തടാകത്തിൽ താമസിക്കുന്നു എന്നും, രാത്രികളിൽ ഇപ്പോഴും ആ രാജകുമാരിയുടെ കരച്ചിൽ കേൾക്കാം എന്നും നാട്ടുകാർ പറയുന്നു. ഈ കാരണത്താൽ തടാകത്തിലേക്കുള്ള പ്രധാന കവാടത്തിന് സമീപം ഒരു മത്സ്യകന്യകയുടെ പ്രതിമയും ഉണ്ട്. ഈ തടാകത്തിലെ ജലത്തിന് ഔഷധ ഗുണങ്ങളുണ്ടെന്നും പറയപ്പെടുന്നു.
ഹുകാച്ചിന തടാകം ഭൂഗർഭ ജലധാരകളാൽ രൂപപ്പെട്ടതാണെന്നാണ് ശാസ്ത്രീയ വിശദീകരണം. ഏകദേശം 2 ഏക്കർ മാത്രം വ്യാപിച്ചുകിടക്കുന്ന തടാകത്തിന്റെ ചുറ്റും ഈന്തപ്പനകൾ, യൂക്കാലിപ്റ്റസ്, കരോബ് മരങ്ങൾ തഴച്ചു വളരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയാൽ നിറഞ്ഞു. ഏകദേശം നൂറോളം ആളുകളും ഇവിടെ താമസിക്കുന്നു. സമീപ വർഷങ്ങളിൽ, ചുറ്റുമുള്ള കിണറുകൾ കുഴിച്ചതും കടുത്ത വേനലിൽ ബാഷ്പീകരണം വർദ്ധിച്ചതും തടാകത്തിലെ ജലനിരപ്പ് കുറയാൻ കാരണമായി. 70 വർഷത്തിലേറെയായി ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി നിലകൊള്ളുന്ന ഹുകാചിന ഒയാസിസിന്റെ മനോഹാരിത നിലനിർത്താൻ ഇപ്പോൾ പുറം സ്രോതസ്സുകളിൽ നിന്നാണ് തടാകത്തിലേക്ക് വെള്ളം എത്തിക്കുന്നത്.
Discussion about this post