മനുഷ്യരുടെ കരവിരുതുകളുടെ മാഹാത്മ്യം ലോകമെമ്പാടും അത്ഭുതങ്ങളായി നിലകൊള്ളുമ്പോൾ, ആധുനിക വാസ്തുവിദ്യയെ ഒരേപോലെ വെല്ലുവിളിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ശിവക്ഷേത്രമാണ് എല്ലോറയിലെ കൈലാസ ക്ഷേത്രം. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ എല്ലോറ ഗുഹയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ഏകശിലാരൂപത്തിലുള്ള ശിലാ ഘടനയാണ്. നൂറോളം വരുന്ന ഗുഹകളിൽ നമ്പർ 16 ആയി രേഖപ്പെടുത്തിയിരിക്കുന്ന ഈ ക്ഷേത്രം ഹിമാലയത്തിലെ കൈലാസ പർവതനിരകളുടെ പേരിലാണ് അറിയപ്പെടുന്നത്.
എട്ടാം നൂറ്റാണ്ടിൽ രാഷ്ട്രകൂട രാജവംശത്തിലെ കൃഷ്ണ ഒന്നാമന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഏകദേശം 300 അടി നീളവും 175 അടി വീതിയുമുള്ള ഈ ക്ഷേത്രം ചരനന്ദ്രി കുന്നുകളിലെ 100 അടിയിലധികം ഉയരമുള്ള ബസാൾട്ട് പാറയിൽ നിന്ന് കൊത്തിയെടുത്തതാണ്. രഥത്തിൻ്റെ ആകൃതിയിലുള്ള ക്ഷേത്രം, പുരാതന കലാവൈദഗ്ധ്യവും സർഗ്ഗാത്മകതയും പ്രകടമാക്കുന്ന ഒന്നാണ്.
മറ്റ് പല പുരാതന ശിലാ ഘടനകളിൽ നിന്നും വ്യത്യസ്തമായി, ഈ ക്ഷേത്ര സമുച്ചയം ലംബമായ ഖനനം കൊണ്ട് ശ്രദ്ധേയമാണ്. വാസ്തുവിദ്യാ കണക്കനുസരിച്ച് ഏകദേശം 20 ദശലക്ഷം ടൺ പാറകൾ നീക്കം ചെയ്തു. ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ നൂറിലധികം വർഷമെടുക്കുമെന്ന് പുരാവസ്തു ഗവേഷകർ കണക്കാക്കിയിരുന്നു. എന്നാൽ ഇത് പൂർത്തിയാക്കാൻ 18 വർഷമേ വേണ്ടിവന്നുള്ളൂ. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൻ്റെ വാസ്തുവിദ്യ, കൈലാസ പർവ്വതത്തോട് സാമ്യമുള്ളതാണ്. ക്ഷേത്രത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടനയിൽ രൂപകല്പനയുടെ മഹത്വം പ്രകടമാണ്. പാനലുകൾ, മോണോലിത്തിക്ക് തൂണുകൾ, മൃഗങ്ങളുടെയും ദേവതകളുടെയും പ്രതിമകൾ എന്നിവയിൽ സങ്കീർണ്ണമായ ഡിസൈനുകൾ ഉള്ള കൈലാസ ക്ഷേത്രം ചരിത്രത്തിനും വാസ്തുവിദ്യ പ്രേമികൾക്കും ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്.
ഐതിഹ്യങ്ങൾ ഈ ക്ഷേത്രത്തെ മണികേശ്വർ ഗുഹാക്ഷേത്രം എന്നും വിശേഷിപ്പിക്കുന്നു. ഏലപുര രാജ്യത്തിലെ മണിക്കാവതി രാജ്ഞിയാണ് ഇത് നിർമിച്ചതെന്നും പറയപ്പെടുന്നു. അലജാപുര (മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ എലിച്ച്പൂർ) രാജാവിന് ഭൂതകാലത്ത് ചെയ്ത പാപങ്ങളാൽ ഭേദപ്പെടുത്താനാവാത്ത അസുഖം ബാധിച്ചു. മഹിശാമലയിലേക്കുള്ള (എല്ലോറയ്ക്കടുത്തുള്ള മഹിസ്മൽ)യാത്ര വേളയിൽ, രാജ്ഞി, ഘൃഷ്ണേശ്വർ ദേവനെ ആരാധിക്കുകയും, രാജാവിൻ്റെ ആരോഗ്യം മെച്ചപ്പെട്ടാൽ ഒരു ശിവ ക്ഷേത്രം പണിയുമെന്നും, ക്ഷേത്രത്തിന്റെ മുകൾ ഭാഗം കാണുന്നത് വരെ ഉപവസിക്കുമെന്നും പ്രതിജ്ഞ ചെയ്യുകയും ചെയ്തു. രാജ്ഞിയുടെ പ്രാർത്ഥനയുടെ ഫലമായി മഹിശാമലയിലെ ജലാശയത്തിൽ കുളിച്ചശേഷം രാജാവിന്റെ രോഗം ഭേദമായി. ക്ഷേത്രനിർമ്മാണവും ആരംഭിച്ചു. അപ്പോഴാണ് അവർക്ക് മനസിലായത് ക്ഷേത്രത്തിന്റെ മുകൾഭാഗം കാണാൻ മാസങ്ങൾ ഒരുപാട് വേണ്ടിവരുമെന്ന്. അത്രയും നാൾ ഉപവാസമിരിക്കുക എന്നത് അസാധ്യമാണെന്നും. ഈ സമയം ഔറംഗബാദിലെ പൈത്താൻ നിവാസിയായ കോകസ എന്ന പണിക്കാരൻ വരികയും ഒരാഴ്ച സമയത്തിനുള്ളിൽ ക്ഷേത്രത്തിന്റെ മുകൾഭാഗം നിർമ്മിക്കുമെന്ന് വാക്കുനൽകുകയും ചെയ്തു. അങ്ങനെ കോകസയും സംഘവും ശിഖരം വേഗത്തിൽ പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുകളിൽ നിന്ന് ശിലാക്ഷേത്രം കൊത്തിയെടുക്കാൻ തുടങ്ങി.രാജ്ഞിയുടെ ഭക്തി മാനിച്ച്, ക്ഷേത്രത്തിന് മണികേശ്വർ എന്ന് പേരിട്ടു. അങ്ങനെയാണ് ഇന്ന് കാണുന്ന ഈ ക്ഷേത്രമുണ്ടായതെന്നും വിശ്വസിക്കുന്നു.
നിരവധി ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ഓരോ സന്ദർശകനെയും അമ്പരപ്പിക്കുന്നു, പരമ്പരാഗത രീതികൾ മാത്രം ഉപയോഗിച്ച് തെറ്റുകൂടാതെ ഒരു പാറയിൽ മാത്രം എങ്ങനെ ഈ ക്ഷേത്രം പണിതു എന്നത് ഒരേപോലെ നമ്മളെ ആശ്ചര്യപ്പെടുത്തുകയും അതിശയിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ നീക്കം ചെയ്ത ടൺ കണക്കിന് കല്ലുകൾ എവിടേക്കാണ് പോയതെന്നത് ഇപ്പോഴും ദുരൂഹമാണ്. സമീപ പ്രദേശത്തെവിടെയും പാറകൾ കൂട്ടിയിട്ടിരിക്കുന്നതിൻ്റെയോ മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെയോ തെളിവുകൾ ഇന്ന് വരെ ലഭിച്ചിട്ടില്ല.
ഇതിഹാസതുല്യമായ കൈലാസ ക്ഷേത്രം ഭാരതത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
Discussion about this post