എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ മനംകവരുന്ന കവര് (Sea Sparkle) വിരിയുന്നതുപോലെ തന്നെ മാലിദ്വീപിലെ വാദു ദ്വീപുകളുടെ കരകളിൽ ബയോലൂമിനെസെൻസ് കാരണം കടൽ നക്ഷത്രനിബിഡമായ ആകാശം പോലെ തിളങ്ങുന്നു.
സമുദ്രത്തിൻ്റെ ഉപരിതലത്തിന് സമീപം തീരത്തോട് ചേർന്നുള്ള വെള്ളം ലിംഗുലോഡിനിയം പോളിഡ്രം (Lingulodinium polyedrum) എന്ന് വിളിക്കപ്പെടുന്ന ഫൈറ്റോപ്ലാങ്ക്ടണാൽ (phytoplankton) നിറഞ്ഞിരിക്കുന്നു. വെള്ളത്തിൽ ചെറിയ ചലനങ്ങൾ ഉണ്ടാവുമ്പോൾ ബയോലൂമിനെസെൻസ് എന്ന പ്രതിഭാസം സംഭവിക്കുകയും, നിയോൺ-നീല ലൈറ്റുകൾ ജലോപരിതലത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
വെള്ളത്തിലുള്ള ആൽഗകൾ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഓക്സിജനും ഉത്പ്രേരകമായ ലൂസിഫെറേസ് എൻസൈമും തമ്മിലുള്ള രാസപ്രവർത്തനം സംഭവിക്കുന്നു.
ഓക്സിജൻ ലൂസിഫെറിൻ തന്മാത്രകളെ ഓക്സിഡൈസ് ചെയ്യുകയും, അതേസമയം ലൂസിഫെറേസ് ഈ പ്രക്രിയ ത്വരിതപ്പെടുത്തുകയും അധിക ഊർജ്ജം താപമില്ലാതെ പ്രകാശമായി പുറത്തുവിടുകയും ചെയ്യുന്നു. ഇതിനെയാണ് ബയോലൂമിനെസെൻസ് എന്ന് പറയുന്നത്.
പ്രകാശത്തിൻ്റെ തീവ്രത, ആവൃത്തി, ദൈർഘ്യം എന്നിവ അനുസരിച്ച് സ്പീഷീസുകളിൽ പുറത്തുവിടുന്ന നിറം വ്യത്യസ്തമാകം. കൂടാതെ ലൂസിഫെറിൻ തന്മാത്രകളുടെ ക്രമീകരണമനുസരിച്ചും നീല, പച്ച, ചുവപ്പ് നിറങ്ങളായിയും കാണപ്പെടുന്നു. മിന്നാമിനുങ്ങുകൾ പുറപ്പെടുവിക്കുന്ന ഇളം പച്ചകലർന്ന-മഞ്ഞ നിറത്തിന്റെ കാരണവും ഇതുതന്നെ.
ഇതുകൂടാതെ മറ്റ് ചില മൽസ്യങ്ങൾ ആൽഗകൾ എന്നിവ തങ്ങളുടെ വേട്ടക്കാരെ ആശയക്കുഴപ്പത്തിലാക്കാനും, ഇരകളേയോ ഇണകളെയോ ആകർഷിക്കുവാനും പ്രകാശം പുറപ്പെടുവിക്കാറുണ്ട്.
മാലിദ്വീപിൽ മാത്രമല്ല, മുംബൈയിലെ ജൂഹു കടൽത്തീരത്തും ഈ പ്രതിഭാസം അരങ്ങേറിയിട്ടുണ്ട്.
പ്രകൃതിയുടെ മറ്റൊരു സർഗാത്മകതയായി ‘നക്ഷത്രക്കടൽ’ ഇന്നും മനുഷ്യരാശിയെ അത്ഭുതപെടുത്തുന്നു.
Discussion about this post