കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒകനാഗൻ മേഖലയിൽ ഒസോയൂസിൻ്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തടാകമാണ് പുള്ളി തടാകം (Spotted Lake). പച്ച, മഞ്ഞ, നീല നിറങ്ങളിലുള്ള നൂറുകണക്കിന് വലിയ കുളങ്ങളാൽ നിർമ്മിതമായതുകൊണ്ടാണ് ഇവയെ സ്‌പോട്ടഡ് തടാകം എന്ന് വിളിക്കുന്നത്.
സിൽക്‌സ് ഒകനാഗൻ (Syilx Okanagan) ജനതയുടെ ചരിത്രത്തിൽ അവിഭാജ്യ ഘടകമായ ഈ തടാകത്തിന് ക്ലിലുക് (Kliluk) എന്നും പേരുണ്ട്.
കിഡ്‌നിയുടെ ആകൃതിയിലുള്ള പുള്ളി തടാകം ശൈത്യകാലത്തും വസന്തകാലത്തും മറ്റുള്ള സാധാരണ തടാകങ്ങളെപോലെയാണ്.
വേനൽക്കാലത്ത് തടാകത്തിലെ ഭൂരിഭാഗം വെള്ളവും ബാഷ്പീകരിക്കപ്പെടുകയും വർണ്ണാഭമായ ധാതു നിക്ഷേപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. തടാകത്തിൽ പ്രത്യേക്ഷപ്പെടുന്ന ‘സ്‌പോട്ടുകൾ’ ധാതുക്കളുടെ ഘടനയും കാലാനുസൃതമായ മഴയുടെ അളവും അനുസരിച്ച് പല നിറങ്ങളിൽ കാണപ്പെടുന്നു. കാൽസ്യം, സോഡിയം സൾഫേറ്റ്, മഗ്നീഷ്യം സൾഫേറ്റ് എന്നിവ ഉൾപ്പെടെയുള്ള ധാതുക്കളുടെ ഉയർന്ന സാന്ദ്രതയുടെ ഫലമാണ് വിവിധ നിറത്തിലെ കുളങ്ങൾ.
മഞ്ഞുരുകുമ്പോൾ, മഴ, ഭൂഗർഭജലം എന്നിവയാൽ തടാകത്തിൽ വെള്ളം നിറയും. എന്നാൽ പുള്ളി തടാകം ഒരു എൻഡോർഹൈക് തടമാണ്. അതായത് സമുദ്രത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ട ഒരു പ്രദേശമാണ് എൻഡോർഹൈക് തടം. ഇവിടെനിന്നും വെള്ളം കടലിലേക്ക് ഒഴുകുന്നില്ല, മറിച്ച് അടഞ്ഞ തടത്തിനുള്ളിൽ തന്നെ അവശേഷിക്കുന്നു. ജലത്തിന്റെ ഉപ്പുരസം കാരണം ചില ആൽഗകൾ ഒഴിച്ച് അധികം ജീവജാലങ്ങൾ ഈ തടാകത്തിൽ നിലനിൽക്കുന്നില്ല.
നൂറ്റാണ്ടുകളായി തദ്ദേശീയർ ഇതിനെ പവിത്രമായ വിശുദ്ധ ഔഷധ തടാകമായി കണക്കാക്കുന്നു. ചർമ്മരോഗങ്ങൾ, മുറിവുകൾ, അരിമ്പാറ എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ ചികിത്സിക്കാൻ ഓരോ തടത്തിലും കാണുന്ന വിവിധ ധാതുക്കൾക്ക് കഴിയുമെന്ന് ഗവേഷണങ്ങളും തെളിയിക്കുന്നു.
ഒന്നാം ലോകമഹായുദ്ധസമയത്ത്, യുദ്ധോപകരണങ്ങൾ നിർമ്മിക്കാനും തടാകത്തിൽ നിന്നുള്ള ധാതുക്കൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
തടാകത്തിന് ചുറ്റുമുള്ള ഭൂമി ഏകദേശം 40 വർഷം ഏണസ്റ്റ് സ്മിത്ത് ഫാമിലിയുടെ സ്വകാര്യ ഉടമസ്ഥതയിലായിരുന്നു, എന്നാൽ 2001 ൽ ഫസ്റ്റ് നേഷൻസ് ഇത് ഏറ്റെടുത്തു. നിലവിൽ, തടാകവും അതുമായി ബന്ധപ്പെട്ട സംസ്കാരവും പൈതൃകവും സംരക്ഷിക്കാൻ ഒക്കനാഗൻ നേഷൻ അലയൻസ് ചീഫ് എക്സിക്യൂട്ടീവ് കൗൺസിലിനെയും (Okanagan Nation Alliance Chiefs Executive Council) സിൽക്സ് ജനതയെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആധുനികവൽക്കരണത്തിന്റെ കാലത്ത് പഴയകാല തനിമ നിലനിർത്തി തടാകത്തിനെ ഒരു സാംസ്കാരിക സൈറ്റായി ഒകനാഗൻ സിൽക്സ് ജനത ഇന്നും സംരക്ഷിച്ചുപോരുന്നു.
തടാകം വേലി കെട്ടി സംരക്ഷിച്ചിരിക്കുന്നതിനാൽ ആർക്കും ഇവിടേക്ക് പ്രവേശനമില്ല. എന്നിരുന്നാലും, ദൂരെ നിന്ന് അതിൻ്റെ മാന്ത്രിക കാഴ്ച ആസ്വദിക്കാൻ കഴിയും.
Discussion about this post