ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ സൂര്യക്ഷേത്രം ഒരു ഹിന്ദു ആരാധനാലയമാണ്. ഹിന്ദുമതത്തിലെ പ്രധാന സൗരദേവതയായ സൂര്യന്റെ സംസ്‌കൃത നാമമായ മാർത്താണ്ഡൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ കാർക്കോട രാജവംശത്തിലെ (Karkota dynasty) ലളിതാദിത്യ മുക്തപീഡ (Lalitaditya Muktapida) രാജാവ് പണികഴിപ്പിച്ചതാണ്. കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഈ ക്ഷേത്രം കർത്തണ്ട എന്ന പേരിൽ അറിയപ്പെടുന്നു.
ഏഴാം നൂറ്റാണ്ടു മുതൽ ഒൻപതാം നൂറ്റാണ്ടുവരെ കശ്മീർ ഭരിച്ചിരുന്ന രാജവംശമാണ് കാർക്കോട രാജവംശം. കശ്മീരിന്റെ സമുദ്രഗുപ്തൻ എന്നറിയപ്പെട്ടിരുന്ന ലളിതാദിത്യ മുക്തപീട, ആദ്യത്തെ കാർക്കോട രാജാവായ ദുർലഭവർദ്ധന്റെ ചെറുമകൻ ആയിരുന്നു. ഇന്നത്തെ ബംഗാൾ, ബംഗ്ലാദേശ് മുതൽ മുൻ പഞ്ചാബ് (ഹരിയാന, ഹിമാചൽ, ജമ്മു കശ്മീർ, പാക്ക് പഞ്ചാബ്) മധ്യേഷ്യ ഉൾപ്പെടെയുള്ള ഉത്തരേന്ത്യ വരെ വ്യാപിച്ച സാമ്രാജ്യത്തിന്റെ തലവനായിരുന്നു ലളിതാദിത്യ. ആധുനിക തുർക്കിയുടെ അതിർത്തികളിലേക്കും അദ്ദേഹം തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു എന്ന് ചില ഗ്രന്ഥങ്ങൾ അവകാശപ്പെടുന്നു. യുദ്ധത്തിൽ അജയ്യനായിരുന്ന അദ്ദേഹത്തിന്റെ സാമ്രാജ്യ തലസ്ഥാനം ശ്രീനഗർ ആയിരുന്നെങ്കിലും, പരിഹാസ്പുര (ഇന്നത്തെ കാശ്മീരിൽ) ആധുനികമായൊരു തലസ്ഥാനം കൂടി അദ്ദേഹം പണിതു.
പാശ്ചാത്യ അധിനിവേശത്തിനെതിരെ വിജയകരമായി പോരാടിയ ലളിതാദിത്യ കശ്മീരിൽ അറബികൾ പ്രവേശിക്കുന്നതിനെയും തടഞ്ഞു. ലളിതാദിത്യന്റെ ഭരണത്തിൽ സാമ്രാജ്യം പുരോഗതി നേടുകയും, കശ്മീരിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും, ഗ്രാമങ്ങളും വിദൂര പ്രദേശങ്ങളും വിപുലമായ വികസനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. ധാരാളം ഹിന്ദു ക്ഷേത്രങ്ങളുടെ നിർമ്മാണം ഈ കാലഘട്ടത്തിൽ അദ്ദേഹം പൂർത്തിയാക്കി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകിയ ഒരു ഭരണാധികാരി കൂടിയായിരുന്നു ലളിതാദിത്യൻ.
ഇപ്പോൾ ചെകുത്താന്റെ ഗുഹ (Shaitan ki Gufa) എന്ന് മുസ്ലീം ജനത വിളിക്കുന്ന ഈ ക്ഷേത്രം,15-ാം നൂറ്റാണ്ടിൽ മുസ്ലീം ചക്രവർത്തിയായ സിക്കന്ദർ ഷാ മിരിയുടെ നേതൃത്വത്തിൽ ഷാ മിരി സൈന്യം കൊള്ളയടിക്കുകയും പൂർണമായും നശിപ്പിക്കുകയും ചെയ്തു. തുടർന്നുണ്ടായ ഭൂകമ്പങ്ങൾ, കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായി. ഒരു പീഠഭൂമിയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, പൂർണ്ണമായും കല്ലുകൊണ്ട് നിർമ്മിച്ചതാണ്. ക്ഷേത്ര അവശിഷ്ടങ്ങളിൽ നിന്നും അനുബന്ധ പുരാവസ്തു ഗവേഷണങ്ങളിൽ നിന്നും, ഗാന്ധാരൻ, ഗുപ്ത, ചൈനീസ് വാസ്തുവിദ്യാ രൂപങ്ങൾ സമന്വയിപ്പിച്ച കശ്മീരി വാസ്തുവിദ്യയുടെ മികവുറ്റ ഉദാഹരണമാണ് ഈ സൂര്യ ക്ഷേത്രം എന്ന് വ്യക്തമാണ്.220 അടി നീളവും മൊത്തത്തിൽ 142 അടി വീതിയുമുള്ള ക്ഷേത്രത്തിന്റെ മധ്യഭാഗത്ത് പിരമിഡാകൃതിയിലുള്ള പ്രധാന ശ്രീകോവിലും, സ്‌തംഭനിരയുടെ നടുക്ക് ഒരു നടുമുറ്റവും, ചുറ്റും 84 ചെറിയ ആരാധനാലയങ്ങളും ഉണ്ട്. മാർത്താണ്ഡ സൂര്യക്ഷേത്രത്തിൻ്റെ വാസ്തുവിദ്യയുടെ ശ്രദ്ധേയമായ ഒരു സവിശേഷത അതിൻ്റെ സമമിതിയാണ്. ശ്രീകോവിൽ ഏകദേശം 60 അടി ഉയരത്തിലാണ് പണിഞ്ഞിരിക്കുന്നത്. ഹിന്ദു ക്ഷേത്ര വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായി, ശ്രീകോവിലിൻ്റെ അതേ വീതിയുള്ള ക്ഷേത്രത്തിൻ്റെ പ്രധാന കവാടം ചതുരംഗത്തിൻ്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതിചെയ്യുന്നു. അതിമനോഹരമായി രൂപകൽപന ചെയ്തിരിക്കുന്ന ഈ ക്ഷേത്രത്തിൽ നിരവധി ത്രിമുഖ വിഷ്ണു ശിൽപങ്ങളും ചില ചതുർഭുജ വിഷ്ണു ശിൽപങ്ങളും, ഗംഗ, യമുന തുടങ്ങിയ നദീദേവതകളുടെ ശിൽപങ്ങളും മറ്റ് ഹൈന്ദവ ദൈവങ്ങളെയും ദേവതകളെയും ചിത്രീകരിക്കുന്ന സങ്കീർണ്ണമായ കൊത്തുപണികളും കാണാൻ സാധിക്കും. വിശാലമായ മേൽക്കൂര കൂടാതെ 400-ലധികം സ്‌തംഭനിരകളാൽ പുറം ഭിത്തികളും അലങ്കരിച്ചിരിക്കുന്നു. മാത്രമല്ല, മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയെ ഉൾക്കൊള്ളാൻ ശിൽപികൾ കല്ലിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചെറിയ ജലപാതകൾ ഉള്ള ഒരു ജലാശയം ഇന്നും നിലനിൽക്കുന്നു. ഭാഗികമായി നശിച്ചുപോയെങ്കിലും ക്ഷേത്രത്തിന്റെ അവിശ്വസനീയമായ വിശദാംശങ്ങൾ ഭാരതത്തിന്റെ ചരിത്രപരമായ വാസ്തുവിദ്യയുടെ മഹത്വം വിളിച്ചോതുന്നു.
ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ഈ ക്ഷേത്രം പുനരുദ്ധരിക്കാൻ സർക്കാർ ഈ അടുത്തിടെ തീരുമാനിച്ചു. കശ്മീരിന്റെ അത്ഭുതത്തെ പുനരുജ്ജീവിപ്പിക്കാനുള്ള യാത്ര ക്ഷേത്രത്തിൻ്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. പൈതൃക സംരക്ഷണത്തിനൊപ്പം, വരും തലമുറകൾക്ക് ആത്മീയവും സാംസ്കാരികവുമായ ചരിത്രത്തെ തിരികെ നൽകുന്ന പ്രക്രിയകൂടിയാണ് പുനരുദ്ധാരണം. ഭാരതത്തിന്റെ അമൂല്യമായ ആത്മീയ പൈതൃകത്തിന്റെയും പുരാതന വാസ്തുവിദ്യയുടെയും പ്രതീകമായ മാർത്താണ്ഡ ക്ഷേത്രം അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ വരുന്ന നാൾ വിദൂരമല്ല.
Discussion about this post