സോപ്പുംകായമരം എന്നറിയപ്പെടുന്ന സാപിൻഡസ്(Sapindus) സപ്പോണിനുകളാൽ (saponins) സമ്പുഷ്ടമാണ്. ആറ് മുതൽ പന്ത്രണ്ട് ഇനം കുറ്റിച്ചെടികളും ചെറുമരങ്ങളും അടങ്ങുന്ന ഒരു ജനുസ്സാണ് സാപിൻഡസ്. ലിച്ചി കുടുംബത്തിൽ പെട്ട ഈ മരം, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഔഷധ സസ്യങ്ങളിൽ ഒന്നാണ്. ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിലാണ് ഈ വിലയേറിയ വൃക്ഷത്തിൻ്റെ ഉപയോഗം കണ്ടെത്തിയത്. പഴയ കാലത്ത് ഇതിലെ പഴങ്ങളുടെ പൾപ്പ് സോപ്പ് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നതിനാലാണ് ഇവയ സോപ്പുംകായ (Soap berries or Soap nuts) എന്ന് വിളിക്കുന്നത്. ‘സോപ്പ്’ എന്നർത്ഥം വരുന്ന സാപ്പോ, ‘ഇന്ത്യയുടെ’ എന്നർത്ഥം വരുന്ന ഇൻഡിക്കസ് എന്നീ ലാറ്റിൻ പദങ്ങളിൽ നിന്നാണ് ശാസ്ത്രീയ നാമമായ സാപിൻഡസ് ഉരുത്തിരിഞ്ഞത്.
പഴയ കാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന കായയാണ് സോപ്പുംകായ. ഇതിൽ അടങ്ങിയിരിക്കുന്ന സാപ്പോണിൻ പ്രകൃതിദത്തവും ഫലപ്രദവുമായ സർഫക്ടൻ്റാണ്. ദ്രാവകങ്ങളുടെ പ്രതലബലം കുറയ്ക്കുന്ന ഒരു പദാർത്ഥമാണ് സർഫക്ടൻ്റ്. പ്രതലബലം കുറയുന്നത് വഴി ദ്രാവകം പൂർണമായി വ്യാപിക്കാനും വസ്ത്രങ്ങളിൽ നിന്ന് അഴുക്ക്, എണ്ണകൾ എന്നിവ നീക്കം ചെയ്യുവാനും സഹായിക്കുന്നു. ഇത് കൂടാതെ സ്വർണ്ണാഭരണങ്ങളിലെ അഴുക്കും മങ്ങലും മാറ്റുവാനും, ഷാംപൂവിന് പകരമായും ഉപയോഗിച്ചിരുന്നു.
ആയുർവേദ, സിദ്ധ, യൂനാനി മരുന്നുകളിൽ ഇന്നും സോപ്പുംകായ പലവിധത്തിൽ ഉപയോഗിക്കുന്നു. ആസ്ത്മ കോളറ, വയറിളക്കം എന്നിവയ്ക്ക് പ്രതിവിധിയായും, ഈ പഴത്തിന്റ പേസ്റ്റ് തേൾ കുത്ത്, പാമ്പുകടി, തലവേദന, അട്ടകടി എന്നിവയ്ക്ക് മരുന്നായും ഉപയോഗിക്കുന്നു. കൂടാതെ ഈ പഴങ്ങളുടെ കഷായം പൈൽസിന് മരുന്നായും ഉപയോഗിക്കാം എന്ന് ഗവേഷണങ്ങൾ അവകാശപ്പെടുന്നു. മേല്പറഞ്ഞവ കൂടാതെ നിരവധി ഔഷധഗുണങ്ങൾ സോപ്പുംകായകൾക്ക് ഉണ്ട്.
കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉറുഞ്ചിക്കായ, ചവക്കായ, പശകൊട്ട, പുന്നൻകോട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. സോപ്പ്, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ പ്രചാരത്തോടെ സോപ്പുംകായയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും ഇപ്പോൾ ഓൺലൈൻ ആയി ഇവ ലഭ്യമാണ്.
Discussion about this post