ന്യൂഡൽഹി: യുപിഐ വഴി പണം അയയ്‌ക്കുന്നതിന് നികുതി ചുമത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്രസർക്കാർ യുപിഐ പേമെന്റുകൾക്ക് നികുതി ചുമത്താൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
യുപിഐ പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ സേവന നിരക്ക് ഈടാക്കാൻ മറ്റ് മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. യുപിഐ പേമെന്റുകളെക്കുറിച്ച് മികച്ച അഭിപ്രായമാണ്.പൊതുജനങ്ങൾക്ക് സൗകര്യപ്രദവും സാമ്പത്തിക മേഖലയ്‌ക്ക് വലിയ ഉൽപാദന ക്ഷമത നൽകുകയും ചെയ്യുന്ന രീതിയാണിത്. അതിൽ നികുതി ചുമത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നില്ല. മന്ത്രാലയം വ്യക്തമാക്കി.
സേവന നിരക്കിനെക്കുറിച്ചുളള സർവ്വീസ് ദാതാക്കളുടെ ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കാൻ നോക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപഭോക്തൃസൗഹൃദമാണ്. കഴിഞ്ഞ വർഷവും സർക്കാർ ഡിജിറ്റൽ പേമെന്റ് ഇക്കോസിസ്റ്റത്തിന് സാമ്പത്തിക പിന്തുണ നൽകിയിരുന്നു. ഇക്കുറിയും അത് തുടരുകയാണ്. കൂടുതൽ പുതിയ ആശയങ്ങളും സാങ്കേതിക സംവിധാനവും സ്വീകരിക്കാൻ വേണ്ടി കൂടിയാണിത്.
അടുത്തിടെ ഡിജിറ്റൽ പേമെന്റിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ആർബിഐ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു. പേമെന്റ് ട്രാൻസാക്ഷനുകൾക്ക് പണം ഈടാക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളിലാണ് അഭിപ്രായം തേടിയത്. ഇതോടെയാണ് ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്.
Discussion about this post