തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടുകേസില്‍ പോപ്പുലര്‍ഫ്രണ്ടുമായി പോലീസ് ഒത്തുകളിച്ചെന്ന മുന്‍ ഡിജിപി സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ വിവാദമായ സാഹചര്യത്തില്‍ ഈ വെളിപ്പെടുത്തലിനു പ്രാധാന്യം ഏറെയാണ്.
ഇടതുഭരണകാലയളില്‍ ഭരണകൂടവും പോലീസും മുസ്ലിം മതഭീകരവാദികള്‍ക്ക് ഒത്താശചെയ്യുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സിബി മാത്യൂസിന്റെ അനുഭവക്കുറിപ്പുകളായ ‘നിര്‍ഭയ’ത്തിലുള്ളത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 2010 ജൂലായ് നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ ടി. ജെ. ജോസഫിന്റെ വലതുകൈ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിമാറ്റിയത്. കോളേജിലെ പരീക്ഷയ്ക്ക് അദ്ദേഹം തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു താലിബാന്‍ മോഡല്‍ ശിക്ഷ. ഇന്റലിജന്‍സ് ഡിജിപിയായിരുന്നു സിബിമാത്യൂസ് അന്ന്.
‘മൂവാറ്റുപുഴ ഡിവൈഎസ്പിയായിരുന്നു അന്വേഷണം നടത്തിയത്. ചില ടെലിഫോണുകള്‍ ഇന്റലിജന്‍സ് വിഭാഗം നീരീക്ഷിച്ചിരുന്നു. പ്രതികളും, സംഭവത്തിന്റെ സൂത്രധാരന്മാരും, പോലീസും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും പണമിടപാടുകള്‍ നടക്കുന്നതായും ഇതിലൂടെ ഞങ്ങള്‍ക്ക് വ്യക്തമായി, പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിട്ടും പോലീസിനെ അധിക്ഷേപിച്ച് കല്ലെറിഞ്ഞിട്ടും പോലീസ് പാര്‍ട്ടി അനങ്ങിയില്ല, ഇവര്‍ക്കെല്ലാം പരിശീലനം ലഭിച്ചത് പോലീസ് ക്യാമ്പിലോ, സബര്‍മതി ആശ്രമത്തിലോ, ഞാന്‍ അമര്‍ഷം കടിച്ചമര്‍ത്തുകയായിരുന്നു.’ നിര്‍ഭയയില്‍ സിബി മാത്യൂസ് എഴുതുന്നു. അന്നത്തെ പോലീസ് ചീഫ് ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന ആളായിരുന്നെന്നും, ആഭ്യന്തര മന്ത്രിക്കാണെങ്കില്‍ പോലീസ് ചീഫിന്റേതായിരുന്നു അവസാന വാക്കെന്നും സിബി മാത്യൂസ് കുറ്റപ്പെടുത്തുന്നു. കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി.
പോലീസും പ്രതികളും തമ്മിലുള്ള സംഭാഷണങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സും മോണിറ്റര്‍ ചെയ്തിരുന്നതായി ജോയിന്റ് ഡയറക്ടര്‍ ഹരിസേനവര്‍മ തന്നെ അറിയിച്ചിരുന്നു. കേസിന്റെ പേരില്‍ ഗള്‍ഫ് നാടുകളില്‍ പണപ്പിരിവും, പ്രബോധനവും നടന്നിരുന്നതായും സിബി മാത്യൂസ് പറയുന്നു. ഒടുവില്‍ എന്‍ഐഎ അന്വേഷണചുമതല ഏറ്റെടുത്തു. 2015 മേയ് മാസത്തില്‍ കേസിലെ പതിമൂന്ന് പേരെ ശിക്ഷിച്ചു. 18 പേരെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു.
2006 ആഗസ്റ്റ് 15ന് ആലുവ ബിനാനിപുരത്ത് ഹാപ്പി ഓഡിറ്റോറിയത്തില്‍ മുന്‍ സിമി പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേരുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പോലീസ് ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വിട്ടയയ്‌ക്കേണ്ടി വന്നതും സിബി മാത്യൂസ് വെളിപ്പെടുത്തുന്നു.