3.10.2018
ദില്ലി : ഏതാനും ദിവസങ്ങൾക്ക് മുൻപ് ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
വിവിധ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെ മാനിക്കുന്നത് പോലെ തന്നെ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയെയും നാം മാനിക്കേണ്ടതുണ്ട്. എന്നാൽ വിധി നടപ്പാക്കുമ്പോൾ ഭക്തരുടെ വികാരങ്ങളെയും കണക്കിലെടുക്കേണ്ടതുണ്ട്. ശബരിമലയിലെ പ്രാദേശികമായ ആചാരങ്ങളും സ്ത്രീകൾ അടക്കമുള്ള ലക്ഷക്കണക്കിന് ഭക്തരുടെ വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൗർഭാഗ്യം എന്ന് പറയട്ടെ ഭക്തരുടെ വികാരങ്ങളെ കണക്കിലെടുക്കാതെ വിധി ഉടനടി നടപ്പാക്കാനാണ് കേരള സർക്കാർ ഒരുങ്ങുന്നത്. വിശ്വാസങ്ങളെ ഹനിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സ്ത്രീകളടക്കമുള്ള അയ്യപ്പഭക്തൻമാരുടെ പ്രതികരണവും സ്വാഭാവികമായും ഉണ്ടാകും.
സുപ്രീംകോടതി വിധിയോട് ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ, ഈ വിധിയെ മറികടക്കാൻ ഉള്ള നിയമമാർഗങ്ങളെകുറിച്ച് ചർച്ച ചെയ്യാനും വേണ്ട നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട വ്യക്തികളും ആദ്ധ്യാത്മിക ആചാര്യന്മാരും സംഘടനാ പ്രതിനിധികളും ഒരുമിച്ച് കൂടുന്നതോടൊപ്പം ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനെകുറിച്ചുള്ള ആശങ്ക ഭരണാധികാരികളെ അറിയിക്കുവാൻ സമാധാനപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഭ്യർത്ഥിക്കുന്നു.
സുരേഷ് ജോഷി
സർകാര്യവാഹ്,
രാഷ്ട്രീയ സ്വയംസേവക സംഘം