കലോത്സവങ്ങള്‍ക്ക് ഇനി ഊട്ടുപുരയൊരുക്കാന്‍ ഉണ്ടാകില്ല. അടുക്കള കൈകാര്യം ചെയ്യുന്നതില്‍ എന്നെ ഭയം പിടികൂടി. അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു.
ഇത്രയും കാലം നിധിപോലെ നെഞ്ചേറ്റിയതാണ് കലോത്സവ അടുക്കളകള്‍. എന്നാല്‍ പുതിയ കാലത്തിന്‍റെ വൈതാളികര്‍ ആരോപണവുമായി മുന്നോട്ടു വരുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവ വേദികളിലെ ഊട്ടുപുരകളില്‍ ഞാന്‍ ഉണ്ടാകില്ല. ഞാന്‍ വിടവാങ്ങുന്നു.
ജനുവരി 26 മുതല്‍ 31 വരെ തൃശ്ശൂരില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ശാസ്ത്രമേളയുടെ ഭക്ഷണത്തിന്‍റെ ചുമതല ഏറ്റിരുന്നതാണ്. എന്നാല്‍ ഈ വിവാദത്തിന്‍റെ പേരില്‍ അത് വേണ്ടെന്നു വച്ചു. ഇനി ടെന്‍ഡര്‍ എടുത്തുള്ള പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. തൃശ്ശൂരില്‍ നടക്കുന്ന മേളയുടെ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
ഇതുവരെ രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് കലോത്സവങ്ങളിലൂടെ ഭക്ഷണം വിളമ്പി. പരാതിയൊന്നുമില്ലാതെ വയറും മനസ്സും നിറച്ചാണ് കുട്ടികള്‍ മടങ്ങുന്നത്. ഇത്തവണത്തെ വിവാദം വലിയ വേദനയുണ്ടാക്കി. ജാതി തിരിച്ച് വിവാദമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയി. നോണ്‍വെജ് ഭക്ഷണം വിളമ്പണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതി. 16 വര്‍ഷമായി കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്നുണ്ട്. ഇതുവരെ കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഒരാളെ ലക്ഷ്യംവച്ച് ഒരു കൂട്ടം ആളുകള്‍ ഇറങ്ങി തിരിക്കുമ്പോള്‍ അവിടെ എന്തും സംഭവിക്കാം.
അടുത്തിടെ കേരളത്തില്‍ ഭക്ഷണം കഴിച്ചുണ്ടായ മരണങ്ങളെടുത്താല്‍ അതെല്ലാം നോണ്‍ വെജ് കഴിച്ചുള്ളതാണ്. അതിനെതിരെ ഒരു കൗണ്ടര്‍ അറ്റാക്ക് ഞാനും അടുക്കളയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷത്തെ കലോത്സവത്തിന്‍റെ ഊട്ടുപുരയില്‍ ഇതുവരെയില്ലാത്ത രീതിയില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. അതുകൊണ്ട് ആരെയും അകത്തേക്ക് കടത്തിയിരുന്നില്ല. ഊട്ടുപുരയില്‍ രാത്രിയില്‍ കാവലിരിക്കേണ്ടിവന്നു. ഇങ്ങനെ മുന്‍പ് ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഭയം ഉണ്ട്. അതുകൊണ്ടാണ് ഇതുമായി മുന്നോട്ടു പോകുന്നില്ലെന്നു പറഞ്ഞത്. അതിനാലാണ് ഇനി ടെന്‍ഡറുകള്‍ എടുക്കാനില്ലെന്നും പറഞ്ഞത്.
പഴയിടം മോഹനന്‍ നമ്പൂതിരി എന്നത് വെജിറ്ററിയന്‍ ബ്രാന്‍ഡ് ആണ്. സംസ്ഥാന കായികമേളയ്ക്കു മാത്രമാണ് സസ്യേതര ഭക്ഷണം വിളമ്പിയത്. വെജിറ്റേറിയന്‍ ബ്രാന്‍ഡ് നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്.
Discussion about this post