കൊച്ചി: കാലുമാറ്റം രക്തത്തിലലിഞ്ഞുചേര്‍ന്ന എ.എം. ആരിഫ് എംപി മുസ്ലീംലീഗിലേക്ക് ചേക്കാറാനൊരുങ്ങുന്നു. അനവധി നിരവധി ചോരച്ചാലുകളൊന്നും നീന്തിക്കയറാതെ കെഎസ്‌യു പ്രവര്‍ത്തകനായി തുടങ്ങി നിവൃത്തിയില്ലാതെ എസ്എഫ്‌ഐയിലേക്ക് എത്തിച്ചേര്‍ന്നയാളാണ് ആരിഫ്. തുടര്‍ന്ന് സിപിഎം നേതാവായി അരൂരില്‍ നിന്ന് എംഎല്‍എ സ്ഥാനം നേടി. ഒടുവില്‍ ആലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലുമെത്തി. പാര്‍ട്ടിയുടെ ജില്ല കമ്മിറ്റി അംഗവുമാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്ക് തുടര്‍ച്ചയായി പാത്രീഭൂതനായ ആരിഫ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ സിപിഎം തോറ്റതോടെ മുഖ്യമന്ത്രിയുടെ ബ്ലാക്ക് ലിസ്റ്റില്‍ ആരിഫിന്റെ സ്ഥാനം മുകളിലെത്തി. തോല്‍വിയെക്കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തിലും ആരിഫായിരുന്നു പ്രതി. ഇതോടെ പാര്‍ട്ടിയില്‍ തീര്‍ത്തും ഏകനായ ആരിഫ് തനിക്ക് വിശ്വസിക്കാവുന്നതും ആശ്രയിക്കാവുന്നതുമായ മുസ്ലീംലീഗിലേക്ക് ചേക്കാറാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച് ആരിഫ് ലീഗ് നേതാക്കളുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. അടുത്തുവരുന്ന നിയമസഭ തിരഞ്ഞെടുപ്പോടെ ലീഗിന്റെ സ്റ്റാര്‍ ക്യാമ്പെയ്‌നറായി തിളങ്ങാനുള്ള ഒരുക്കത്തിലാണ് ആരിഫ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആരിഫിന് പകരക്കാരനെയും പിണറായി കണ്ടെത്തിയിട്ടുണ്ട്. സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായിരുന്ന കാലത്ത് പിണറായി വിജയന്റെ ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച വി.എസ്. അച്യുതാനന്ദനെ മാരാരിക്കുളത്ത് തോല്‍പിക്കാന്‍ മുന്നില്‍ നിന്ന ചന്ദ്രബാബു എന്ന പഴയ പടക്കുതിരയെയാണ് ആരിഫിന്റെ പകരക്കാരനായി യോഗങ്ങളില്‍ പിണറായി അവതരിപ്പിക്കുന്നത്. വിഎസിന്റെ തണലില്‍ വളര്‍ന്ന് പിണറായിയുടെ തോഴനായി മാറിയ ചന്ദ്രബാബുവിലുള്ള വിശ്വാസം അടുത്ത നിയസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റായി മാറുമെന്ന പ്രതീക്ഷയിലാണ് അണികള്‍. ആരിഫ് പാര്‍ട്ടി മാറിയാലും ഉപതിരഞ്ഞെടുപ്പുണ്ടാവില്ല. കേവലം മൂന്ന് അംഗങ്ങള്‍ മാത്രമാണ് ലോക്‌സഭയില്‍ സിപിഎമ്മിനുള്ളത്. അതില്‍ ഒരാള്‍ പോയാലും അത് നിയമവിധേയമാണ്. അതിനാല്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് ആരിഫ് രാജിവച്ചില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പുണ്ടാവില്ല. ആരിഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടത്താമെന്നല്ലാതെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാനൊന്നും കഴിയില്ല. എന്തായാലും കേരളത്തിലെ വിപ്ലവ നടപടികള്‍ പാര്‍ലമെന്റില്‍ ഘോരഘോരം അവതരിപ്പിക്കാന്‍ അടുത്തയാളെ കണ്ടെത്താനാവുമോ എന്നറിയാതെ കാത്തിരിക്കുകയാണ് സിപിഎമ്മുകാര്‍.
Discussion about this post