ശിവഗിരി: നാരായണഗുരുവിനെ അവഗണിക്കുന്ന നവോത്ഥാന നായകനായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തിലാദ്യമായി നിശ്ചയിച്ച ഉദ്ഘാടകന്‍ എത്താതെ ശിവഗിരി തീര്‍ഥാടന സമ്മേളനം. ഉദ്ഘാടകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവഗിരിയിലേക്ക് എത്തിയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരും തീര്‍ഥാടനസമ്മേളനത്തില്‍ നിന്നും വിട്ടുനിന്നു. നാലുദിവസം മുമ്പ് തീരുമാനിച്ച പൗരത്വ നിയമത്തിനെതിരെയുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ പേരു പറഞ്ഞാണ് മാറി നിന്നത്. ശ്രീനാരായണ ഗുരുവിനേയും ശിവഗിരിയേയും ചെറുതാക്കുന്ന സമീപനമാണിതെന്ന് സമ്മേളന വേദിയില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്നു. നേതാക്കള്‍ കൂട്ടത്തോടെ മാറി നിന്നത് ഉദ്ഘാടന സമ്മേളനത്തിന്റെ മാറ്റു പോയി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും നിയമസഭ സമ്മേളനത്തിന്റെ പേരിലാണെങ്കില്‍ നോട്ടീസില്‍ പേര് അവസാനമായി ചേര്‍ത്തതിനാലാണ് കാനം വിട്ടുനിന്നത്്. വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെന്നേറ്റിരുന്ന മന്ത്രിമാരായ കെ.ടി. ജലീല്‍, എ.കെ. ശശീന്ദ്രന്‍, വീരേന്ദ്രകുമാര്‍ എംപി എന്നിവരും വന്നില്ല. രാവിലെ 10 മണിക്കാണ് തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. പിണറായി വിജയന്‍ ഉദ്ഘാടനവും രമേശ് ചെന്നിത്തല മുഖ്യാതിഥിയായുമായിരുന്നു. നാലുമാസം മുന്‍പേ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സമ്മതം ശിവഗിരിമഠം ചോദിച്ചതാണ്. അവര്‍ നല്‍കിയ സമയം അനുസരിച്ചാണ് ഉദ്ഘാടന ചടങ്ങിന്റെ സമയം തീരുമാനിച്ചത്. എന്നാല്‍ പൗരത്വ നിയമത്തിനെതിരെ നാലുദിവസം മുമ്പ് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രത്യേക നിയമസഭ ചേരാന്‍ തീരുമിനിച്ചു. മന്ത്രിസഭ യോഗം ശിവഗിരി തീര്‍ഥാടന ദിവസം തന്നെ പ്രത്യേക നിയമസഭ തീരുമാനിച്ചു. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് അറിയിക്കുന്നത് പരിപാടി തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് മാത്രമാണ്. കാലാകാലങ്ങളായി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിമാരാണ്. പിണറായി അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ ശിവഗിരിയുടെ പരിപാടികളെ അവഗണിക്കുകയാണ്. കഴിഞ്ഞവര്‍ഷം നവോത്ഥാനമതില്‍ തീര്‍ക്കാന്‍ പോയ മുഖ്യമന്ത്രി ശിവഗിരിയിലെ മറ്റൊരു പരിപാടിയില്‍ പങ്കെടുത്ത് വന്നെന്നു വരുത്തി. അതിനു മുന്നത്തെ വര്‍ഷം വന്നതേയില്ല. സഭയില്‍ നിന്നും ഇറങ്ങിയ മുഖ്യമന്ത്രി മറ്റു രണ്ട് പരിപാടികളില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവും മറ്റ് പരിപാടികളില്‍ പങ്കെടുത്തു. എന്നാല്‍ ഇരുവരും തലസ്ഥാനത്ത് നിന്നും ഒരുമണിക്കൂറിനുള്ളില്‍ വന്ന് പോകാവുന്നിടത്തേക്ക് വരാത്തതതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇടത്- വലത് മുന്നണികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിന്നാലെ പോകുകയാണെന്നും സമ്മേളനത്തില്‍ ആരോപണമുയര്‍ന്നു.
Discussion about this post