ഇന്ന് മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിദിനം. അവസാനശ്വാസത്തിലും രാമനാമം ജപിച്ച് ഭഗവദ്പദം പൂകിയ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഭാരതീയര്‍ ഇന്നും കണ്ണുനീരണിഞ്ഞു നില്‍ക്കുന്നു. ത്യാഗസുരഭിലമായ ആ ജീവിതത്തെ അനുസ്മരിക്കാതെ ദിവസങ്ങള്‍ ആരംഭിക്കുന്നതുതന്നെ ഭാരതീയര്‍ക്ക് ഓര്‍ക്കാനാവില്ല. എന്നാല്‍ മുന്നൂറ്ററുപത്തിമൂന്നു ദിവസവും ഗാന്ധിജിയെ മറക്കുന്നവര്‍ അദ്ദേഹം ജനിച്ച ദിവസവും മരിച്ച ദിവസവും ഓര്‍ക്കാറുണ്ട്. അത് അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയോ സംഭാവനകളെയോ അല്ലെന്നു മാത്രം…
ആണ്ടില്‍ ബാക്കിയെല്ലാ ദിവസവും വാക്കുകളാലും പ്രവര്‍ത്തികളാലും മഹാത്മജിയെ കൊന്നുകൊണ്ടേ ഇരിക്കുന്ന അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസുകാരും, ഒരു കാലത്ത് അദ്ദേഹത്തെ അപമാനിക്കുക മാത്രം ചെയ്ത കമ്മ്യൂണിസ്റ്റുകളും ഈ രണ്ടു ദിവസങ്ങളില്‍ ഗാന്ധിഭക്തരായി മാറുന്ന കാഴ്ച ആധുനിക കാലത്തെ ഏറ്റവും അശ്ലീലം നിറഞ്ഞ ദൃശ്യമാണ്. ഗാന്ധിവധം എന്നത് ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്ത, ഇപ്പോഴും ചെയ്യുന്ന ഒരു വിഷയമാണ്. അതിന്റെ പിന്നിലെ അണിയറക്കഥകള്‍ ഏതാണ്ടെല്ലാം നെല്ലും പതിരുമായി പൊതുസമൂഹത്തിന്റെ മുന്നില്‍ ഉണ്ട്. ഇവിടെ വിഷയം ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കില്ല എന്ന് തെളിയിക്കുക എന്നതല്ല. അത് പണ്ടേ തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. ഇവിടെ നമ്മള്‍ ചിന്തിക്കേണ്ടത്, ഗാന്ധിജി കൊല്ലപ്പെടെണ്ടത് ആരുടെ ആവശ്യമായിരുന്നു, ഗാന്ധിജി കൊല്ലപ്പെട്ടതിന്റെ ഗുണഭോക്താക്കള്‍ ആര് എന്നതാണ്.
ഗാന്ധിജി അടിസ്ഥാനപരമായിത്തന്നെ എസ്റ്റാബ്ലിഷ്‌മെന്റുകളോടു പൊരുതുന്ന ഒരു കലാപകരിയാണ്. അനീതി എവിടെക്കണ്ടാലും, ആരുചെയ്താലും അദ്ദേഹത്തിന് പ്രതികരിക്കാതിരിക്കാന്‍ ആവില്ല. അങ്ങനെയുള്ള ഗാന്ധിജി പില്‍ക്കാലത്ത് ഏറ്റവുമധികം പോരാടുക നെഹ്രു ഭരണകൂടത്തോട് തന്നെയാകും. അതിന്റെ ലക്ഷണങ്ങള്‍ അദ്ദേഹം കാട്ടിത്തുടങ്ങിയിരുന്നു. അതുപോലെ ഗാന്ധിജി ഏറ്റവും വലിയ തലവേദന ആയിരുന്ന ഒരു കൂട്ടരാണ് കമ്മ്യൂണിസ്റ്റുകള്‍. കമ്മ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹത, അധാര്‍മികത ഒക്കെ ചോദ്യം ചെയ്തു കൊണ്ട് ഗാന്ധിജി അന്നത്തെ പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷിക്കയച്ച കത്തുകള്‍ ഗാന്ധിജി സാഹിത്യ സര്‍വസ്വത്തില്‍ ഇപ്പോഴും ലഭ്യമാണ്. ചരിത്രത്തില്‍ ഗാന്ധിജിയെ ഏറ്റവുമധികം അപമാനിച്ചിട്ടുള്ളതും കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ്.
ഗാന്ധിയെന്നും വിളിക്കില്ല കോന്തിയെന്നും വിളിക്കില്ല ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിക്കും എന്നതായിരുന്നു അവരുടെ കേരളത്തിലെ മുദ്രാവാക്യങ്ങളില്‍ ഒന്ന്.
ഇങ്ങനെ ഈ രണ്ടുകൂട്ടര്‍ക്കും ഒരുപോലെ തലവേദനയായ ഗാന്ധിജി ഇല്ലതാകേണ്ടത് അവരുടെ നിലനില്‍പ്പിന്റെ തന്നെ ആവശ്യമായിരുന്നു. അതാണ് നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി എന്ന ഹിന്ദുമഹാസഭ നേതാവിലൂടെ ഗോഡ്‌സെ എന്ന ചാവേറിനെ ഉപയോഗിച്ചു നടപ്പിലാക്കിയത് എന്ന് കരുതാനവാശ്യമായ എല്ലാ തെളിവുകളും ചരിത്രത്തില്‍ ഉണ്ട്. ഹിന്ദുമഹാസഭ അംഗങ്ങളായിരുന്ന നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും ഈ മഹാപാതകം നടത്തുമ്പോള്‍ ഹിന്ദുമഹാസഭ അധ്യക്ഷന്‍ ആയിരുന്ന നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ പില്‍ക്കാല ചരിത്രം പറയാതെ പറയുന്ന ചില യഥാര്‍ഥ്യങ്ങളുണ്ട്.
ഈ മഹാപാതകം ചെയ്ത ആ സംഘടന നിരോധിക്കപ്പെട്ടില്ല എന്ന് മാത്രമല്ല അവരുടെ പരമോന്നത നേതാവായിരുന്ന ചാറ്റര്‍ജിയെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി നെഹ്രു ഭരണകൂടം നിയമിക്കുക കൂടി ചെയ്തു. പിന്നീട് ഗാന്ധിവധ വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം ജഡ്ജി സ്ഥാനം രാജിവച്ചുവന്ന ചാറ്റര്‍ജി ഹിന്ദു മഹാസഭയുടെ പ്രതിനിധിയായിത്തന്നെ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഒരു ഗാന്ധിഭക്തരുടെയും നാവു പൊങ്ങിയില്ല. 1957ലെ പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നിര്‍മല്‍ ചാറ്റര്‍ജി പിന്നീട് ലോക്‌സഭ കാണുന്നത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വതന്ത്ര എംപി ആയിട്ടാണ്. പിന്നീട് ജീവിതാവസാനം വരെ അദ്ദേഹം സിപിഎമ്മിന്റെ സഹയാത്രികനായിരുന്നു. കാലശേഷം സ്വന്തം പുത്രനായ സോമനാഥ് ചാറ്റര്‍ജിയെ പിന്‍ഗാമിയാക്കാന്‍ നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി മറന്നില്ല. അത് അംഗീകരിക്കാന്‍ സിപിഎമ്മും.
ഇതില്‍ നിന്നും മനസിലാക്കേണ്ടത്, ഗാന്ധിവധ വിഷയത്തില്‍ നെഹ്രുവിനും കമ്മ്യൂണിസ്റ്റുകള്‍ക്കും മറച്ചുവയ്ക്കാന്‍ ഏറെയുണ്ട് എന്നതാണ്. അതിനുള്ള ഒരു കവറിംഗ് ഫയര്‍ മാത്രമായിരുന്നു, ഈ ക്രൂരകൃത്യത്തിന്റെ പരിസരത്ത് പോലുമില്ലാതിരുന്ന, എല്ലാ അന്വേഷണ ഏജന്‍സികളും ഏകകണ്ഠമായി നിരസിച്ച ആര്‍എസ്എസിന്റെ പങ്കിനെപ്പറ്റിയുള്ള നുണക്കഥകളും ഇന്നും തുടരുന്ന പ്രചാരണ കോലാഹലങ്ങളും. എന്തൊക്കയായാലും കാലത്തിന്റെ തിരശീലകള്‍ പിളര്‍ന്നുകൊണ്ട് സത്യത്തിന്റെ സൂര്യരശ്മികള്‍ ലോകത്തെ പ്രകാശമാനമാക്കുന്ന കാലത്ത് ഈ മഹാപാപത്തിന്റെ പിന്നിലെ ഗൂഢാലോചനകളും സമൂഹം ചര്‍ച്ച ചെയ്യുന്നു എന്നത് വലിയൊരു വിപ്ലവമാണ്.
Discussion about this post