വിജയദശമിയുടെ ഈ ധന്യമായ മുഹൂർത്തത്തിൽ പരംപൂജനീയ സർസംഘചാലക് ശ്രീ മോഹൻ ഭാഗവത്‍ജിയിൽ നിന്ന് ഈ പരിപാടിയിലേക്ക് ക്ഷണം കിട്ടിയതിൽ വളരെ സന്തോഷം ഉണ്ട്. പഞ്ചപരിവർത്തനത്തിന്റെ പടിവാതിലിൽ നിൽക്കുന്ന ഈ സമയത്ത്, ഈ സമുന്നത സദസിനെ അഭിസംബോധന ചെയ്യാൻ കിട്ടിയ അവസരം എനിക്ക് കിട്ടിയ അംഗീകാരമായി ഞാൻ കണക്കാക്കുന്നു. അച്ചടക്കത്തിന്റെയും നിസ്വാർത്ഥസേവനത്തിന്റെയും ഈ അന്തരീക്ഷത്തിൽ ഒരു ദിവസം കഴിയാനും സംഘസ്ഥാപകൻ ഡോ. ഹെഡ്ഗേവാർജിയുടെ സ്‌മൃതിമന്ദിരം സന്ദർശിക്കാനും കിട്ടിയ അവസരം മഹത്തരമായി കരുതുന്നു. ഇന്നലെ അദ്ദേഹത്തിന്റെ വീടും ജനിച്ച സ്ഥലവും സന്ദർശിക്കുവാനും സാധിച്ചു. ലാളിത്യത്തിന്റെയും മഹത്വത്തിന്റെയും ഒരു കേന്ദ്രം. 2016ൽ ബാംഗ്ലൂരിൽ നടത്തിയ ശൃങ്ഗവാദ്യ ശിബിരത്തിൽ പങ്കെടുക്കുവാൻ സാധിച്ചിരുന്നു. ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 2000 ആളുകൾ അവിടെ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരേ മനസോടെ പ്രവർത്തിക്കുന്നത് കാണാനായി. ഇന്ന് രാവിലെ മുതൽ എനിക്ക് ഇവയുടെ ഏകോപിതരൂപം കാണുവാനായി. ഈ മനോഹരമായ അനുഭവം എനിക്ക് സമ്മാനിച്ചതിന് നന്ദി.
ഭാരതത്തിന്റെ ബഹിരാകാശരംഗത്തെക്കുറിച്ച് ചിലത് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മൾ എവിടെ നിന്ന് വന്നു, എവിടേക്കു പോകുന്നു, ഈ പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ തുടങ്ങിയ ചോദ്യങ്ങൾ പണ്ടുമുതലേ ഈ ലോകത്തിൽ ഉണ്ടായിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ രാജസ്ഥാനിൽ മഹാരാജ രഞ്ജിത്ത് സിംഗ് നിർമിച്ച ജന്തർമന്ദിർ പ്രാചീനഭാരതത്തിന്റെ ബഹിരാകാശരംഗത്തെ അറിവിന്റെയും പ്രവർത്തനങ്ങളുടെയും ഉദാഹരണമാണ്. ആധുനികകാലഘട്ടത്തിൽ, 1960കളിൽ നാം ബഹിരാകാശഗവേഷണത്തിലേക്ക് എത്തി. നമ്മുടെ ബഹിരാകാശഗവേഷണം വിക്രം സാരാഭായി, സതീഷ് ധവാൻ, ബ്രഹ്മപ്രകാശ് എന്നീ ധിഷണാശാലികളുടെ നേതൃത്വത്തിൽ, സമൂഹകേന്ദ്രിതമായി പടുത്തുയർത്തിയതാണ്. ഭാരതത്തിൽ അങ്ങോളമിങ്ങോളമുള്ള നൈതിക മസ്തിഷ്കങ്ങളുടെ ആദ്യതലമുറ; പ്രൊഫ. യു ആർ റാവു, ഡോ. അബ്ദുൾ കലാം, പ്രൊഫ. യശ്പാൽ എന്നിവർ നമ്മുടെ ആദ്യ മൂന്നു പ്രൊജെക്ടുകൾ നയിച്ചു. നമ്മുടെ ബഹിരാകാശ ഗവേഷണ യാത്രയുടെ വലിയ തുടക്കമായിരുന്നു അത്. ജനങ്ങളുടെ അഭ്യുദയത്തിനും രാജ്യത്തിൻ്റെ നന്മയ്ക്കും വേണ്ടിയാണു നാം എന്നും ബഹിരാകാശ ഗവേഷണം ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്തിലെ വാർത്താവിനിമയ സൗകര്യങ്ങളുടെയും പ്രകൃതിവിഭവങ്ങളുടെ പരിപാലനത്തിന്റെയും അടിസ്ഥാനശിലയായി ഭാരതത്തിന്റെ ഉപഗ്രഹ ശൃംഖല മാറി. കർഷകരും മത്സ്യബന്ധനത്തൊഴിലാളികളുമടക്കമുള്ള എല്ലാ മനുഷ്യരുടെയും ജീവിതത്തെ ബഹിരാകാശ ഗവേഷണം സ്പർശിക്കുന്നു. ആത്മനിർഭരത നമ്മുടെ ലക്ഷ്യമല്ല, അഭിനിവേശമാണ്. ചന്ദ്രനിലും സൂര്യന്റെയടുത്തും നാമെത്തി. പുതുതലമുറയിലെ ബഹിരാകാശ ശാസ്ത്രജ്ഞർ, ഓരോ ഭാരതീയനേയും അഭിമാനഭരിതരാക്കുന്നു. ഭാരതീയമായ ഒരു സ്പേസ് സ്റ്റേഷൻ കെട്ടിപ്പടുക്കുവാനും മനുഷ്യനെ 2040ഓടുകൂടി ചന്ദ്രനിൽ എത്തിക്കുവാനും നാം ലക്ഷ്യമിടുന്നു. ഇതിലും വലിയ ലക്ഷ്യങ്ങളാണ് നാം ഭാവിയിലേക്ക് വയ്ക്കുന്നത്. പരാജയത്തിൽ നിന്നും വിജയത്തിൽ നിന്നും നാം പാഠം പഠിക്കുന്നു. അനുഭവശാലികളായ പഴമക്കാരുടെ ജ്ഞാനത്തിൽനിന്നും പുതുതലമുറയുടെ നവീനതയിൽ നിന്നും ജ്ഞാനം ഉൾക്കൊണ്ടുകൊണ്ട് നാം മുന്നോട്ട് പോകുന്നു. വരാൻ പോകുന്ന കാലഘട്ടത്തിൽ, ഭാരതം ബഹിരാകാശ ഗവേഷണരംഗത്തും അതിന്റെ പ്രയോഗത്തിലും ബഹിരാകാശ വാസത്തിലും പര്യടനത്തിലും ഒക്കെ വലിയ ശക്തിയായി മാറുകയാണ്. നിസ്വാർത്ഥസേവനത്തിന്റെ ഫലമാണിത് . രാജ്യത്തിൻ്റെ പല പ്രശ്നങ്ങളും പരിഹരിക്കാൻപോകുന്നത് സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെയാണ്. രാജ്യം ശാസ്ത്രസാങ്കേതിക രംഗത്ത് വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. പക്ഷെ ധൃതഗതിയിൽ മുന്നേറുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഈ ഗതിവേഗം കൂട്ടേണ്ടതുണ്ട്. സാങ്കേതിക വിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ലോകസാമ്പത്തികഫോറത്തിന്റെ സർവ്വേ അനുസരിച്ച് ഒരു തൊഴിൽ നിപുണത അഞ്ച് വർഷമോ, ചിലപ്പോൾ അതിന്റെ പകുതികൊണ്ടോ ആവശ്യമില്ലാതായിത്തീരുന്നു. നിർമിതബുദ്ധി, നല്ല കണക്ടിവിറ്റി , ബ്ലോക്ക് ചെയിൻ, ക്വാണ്ടം ഫിസിക്സ്, മെറ്റാവേഴ്സ്, സിന്തറ്റിക് ബയോളജി, എയ്റോസ്പേസ് എന്നീ മേഖലകളിൽ നാം മുന്നേറണം. അടുത്ത പത്തു വർഷങ്ങൾക്കുള്ളിൽ നമ്മൾ ആറാം, അല്ലെങ്കിൽ ഏഴാം വ്യവസായ വിപ്ലവത്തിന് സാക്ഷ്യം വഹിക്കും. സാങ്കേതിക വിദ്യ മനുഷ്യമുഖമായിരിക്കണം. സാങ്കേതികവിദ്യയുടെ ഇടപെടലിനെക്കുറിച്ച് നാം ജാഗരൂകരായിരിക്കണം. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് എന്നതാണ് മർമപ്രധാനമായ ചോദ്യം. ഭാരതത്തെപ്പോലൊരു സമൂഹം അത് സ്വീകരിക്കാൻ തയ്യാറാകുമോ? നാം ഭാവിക്കുവേണ്ടി തയ്യാറാണോ? നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം ഇന്ന് തികച്ചും നല്ല ഒരു ദിശയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ആഗോളപൗരൻമാരെയും ചിന്തിക്കുന്ന തലമുറയെയും വാർത്തെടുക്കാൻ കഴിയുന്ന ഒരു സമ്പ്രദായമാണ് എൻഇപി ( നാഷണൽ എഡ്യുക്കേഷൻ പോളിസി) . നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ പലതും ഇന്ന് വിദേശത്തു കാമ്പസുകൾ തുറക്കുന്നു. ഗവേഷണത്തിനും നവീകരണത്തിനും ഇന്ന് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നു.
നമ്മുടെ സംസ്കാരത്തിന്റെ സ്വാംശീകരണം മൂല്യാധിഷ്ഠിത തീരുമാനങ്ങൾ എടുക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്. സംഗീതം എന്നും എന്നെ ഒരു വിദ്യാർത്ഥിയായി തുടരാൻ പ്രാപ്തനാക്കി. ചെറുപ്പത്തിലേ ഭഗവദ്ഗീത എന്നെ സ്വാധീനിച്ചിരുന്നു. ഞാൻ ഇന്നും അത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവദ്ഗീത 16 അദ്ധ്യായം തുടങ്ങുന്നത് “അഭയം സത്വസംശുദ്ധിർ…” എന്ന ശ്ലോകത്തിലൂടെയാണ്. ഇന്നത്തെ ചെറുപ്പക്കാർക്കുള്ള ഉപദേശമാണത്. ഉറങ്ങിക്കിടക്കുന്ന മനുഷ്യമനസുകളുടെ ശക്തിയെ ഉണർത്താൻ ഇത് സഹായിക്കുന്നെന്ന് സ്വാമി ചിന്മയാനന്ദൻ പറഞ്ഞിട്ടുണ്ട്. സഞ്ജയന്റെ ഒരു നിരീക്ഷണത്തിലൂടെയാണ് ഭഗവദ്ഗീത സമാപിക്കുന്നത്. “യത്ര യോഗേശ്വരഃ കൃഷ്ണോ എന്ന് തുടങ്ങുന്നത്. നമുക്ക് ധനുർധാരിയെയും യോഗേശ്വരനെയും വേണം. സാങ്കേതികവിദ്യയോടൊപ്പം അതെങ്ങിനെ ഉപയോഗിക്കണമെന്ന ആശയവും ഉണ്ടാകണം.
Discussion about this post