കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിടല്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോട യാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. പ്രതിസന്ധികളില്‍ നിന്നും വിജയത്തിന്റെ സാധ്യതകളെ കണ്ടെത്താനുള്ള നരേന്ദ്രമോദിയെന്ന ജനനേതാവിന്റെ കഴിവ് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുള്ളതാണ്. ഭൂകമ്പംകൊണ്ട് തകര്‍ന്നടിഞ്ഞുപോയ ഗുജറാത്തിനെ വികസനത്തിന്റെ രാജവീഥിയിലേക്ക് കൈപിടിച്ചു നയിക്കുന്നതില്‍ നരേന്ദ്രമോദിയെന്ന മുഖ്യമന്ത്രിക്കുണ്ടായിരുന്ന ദീര്‍ഘവീക്ഷണം ആധുനിക ഗുജറാത്തിന്റെ സൃഷ്ടിക്കു കാരണമായി. പ്രാതികൂല്യങ്ങളെ അവസരമാക്കി വളര്‍ന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയായി അവരോധിതനായതോടെ ഭാരതത്തിന്റെ ചരിത്രവും പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.
കോവിഡെന്ന മാരക ചൈനീസ് വൈറസ് ലോകത്തെ ഗ്രസിച്ചുതുടങ്ങിയപ്പോഴെ വേണ്ട മുന്‍കരുതലുകളും പ്രതിരോധ നടപടികളും എടുത്തു തുടങ്ങിയതുകൊണ്ടാണ് പകര്‍ച്ചവ്യാധിക്കുമേല്‍ ഒരുപരിധിവരെയെങ്കിലും നിയന്ത്രണം കൊണ്ടുവരാനും മരണനിരക്ക് പിടിച്ചുനിര്‍ത്താനും നമുക്കായത്. അമേരിക്കയടക്കമുള്ള വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ തോറ്റമ്പിയിടത്താണ് ഭാരതത്തിന്റെ വിജയം. എങ്കിലും മാസങ്ങളോളം രാഷ്ട്രം അടച്ചിടുമ്പോഴുണ്ടാകുന്ന പ്രതിസന്ധി നിസ്സാരമല്ല. വികസനം സ്തംഭിക്കുന്നതോ ഉല്പാദന മേഖല നിശ്ചലമാകുന്നതോ ഒന്നുമല്ല പ്രശ്‌നം. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ പട്ടിണി പടര്‍ന്നുപിടിക്കാതിരിക്കുക എന്നതാണ് പ്രധാന കാര്യം. ആസൂത്രണ മികവുകൊണ്ട് രാജ്യം ഈ പ്രതിസന്ധിയെ അതിജീവിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ കലവറകളില്‍ വന്‍തോതില്‍ ധാന്യം ശേഖരിക്കുകയും അവയുടെ കാര്യക്ഷമമായ വിതരണം ലോകത്തിനു തന്നെ മാതൃകയാകും വിധം നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. ആധാര്‍പോലുള്ള പരിഷ്‌കരണങ്ങളും ജനങ്ങളെ മുഴുവന്‍ ഡിജിറ്റല്‍ ബാങ്കിംഗ് വഴി ബന്ധിപ്പിച്ചതും പ്രതിസന്ധിഘട്ടത്തില്‍ എത്ര സഹായകമായെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുകയാണ്.
അടച്ചിടല്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ‘ആത്മനിര്‍ഭര ഭാരതം’ എന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ട 20 ലക്ഷം കോടി രൂപയുടെ വികസന പദ്ധതി രാജ്യത്തെ സ്വയംപര്യാപ്തവും സ്വാശ്രയസുന്ദരവുമാക്കാനുള്ള വമ്പിച്ച ശ്രമങ്ങള്‍ക്ക് തുടക്കമാവുകയാണ്. മുതലാളിത്ത രാജ്യങ്ങള്‍ക്ക് പിന്നാലെ മുടന്തി നടന്നിരുന്ന ഇന്നലെകളിലെ യാചക ഭാരതമല്ല ഇനി വരാന്‍ പോകുന്ന നവഭാരതം. അത് തന്‍കാലില്‍ നില്‍ക്കുന്ന നവീന ഭാരതമാണ്. ഭാരതീയന്റെ ക്രയശേഷിയെ ചൂഷണം ചെയ്യുന്ന മുതലാളിത്ത വന്‍ശക്തി രാഷ്ട്രങ്ങളുടെ വിപണി തന്ത്രങ്ങളെ തോല്‍പ്പിക്കുവാന്‍ ഉതകുന്ന പദ്ധതികളാണ് ഇനി വരാന്‍ പോകുന്നത്. നൈതികത തൊട്ടു തീണ്ടിയിട്ടില്ലാത്ത ചൈനീസ് കമ്മ്യൂണിസ്റ്റ് കമ്പോളതാത്പര്യങ്ങളോടാണ് ഭാരതത്തിന് പ്രധാനമായും ഏറ്റുമുട്ടേണ്ടത്. മഹാത്മാഗാന്ധിയും ദീനദയാല്‍ ഉപാദ്ധ്യായയും സ്വപ്നംകണ്ട വികേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയിലൂന്നിയുള്ള സ്വാശ്രയ വികസന തന്ത്രമാണ് ‘ആത്മനിര്‍ഭര ഭാരതം’ എന്ന പദ്ധതിയുടെ ആത്മാവ്. ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്തുശതമാനം ഇതിനായി വകയിരുത്തിയിരിക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലൂടെ പ്രാദേശിക വികസനം സാധ്യമാക്കാന്‍ കഴിയും. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ എന്നിവരായിരിക്കും ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍.
കൊറോണയുടെ അടച്ചുപൂട്ടല്‍ക്കാലത്ത് ജനങ്ങള്‍ ആശ്രയിച്ചത് പ്രാദേശിക ഉല്‍പ്പന്നങ്ങളെ ആയിരുന്നു. പ്രാദേശിക ഉല്‍പ്പന്നങ്ങളെ ലഘുസാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആധുനികവല്‍ക്കരിക്കാനും, വിതരണ ശൃംഖല വിപുലപ്പെടുത്താനും ഒക്കെ കഴിയുന്നതോടെ നമ്മുടെ കമ്പോളങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരുന്ന മൂലധനച്ചോര്‍ച്ചയ്ക്ക് പരിഹാരമാകും.
സ്വാവലംബി ഭാരതത്തിന്റെ നിര്‍മ്മിതിക്കായി കഴിഞ്ഞ ആറേഴുവര്‍ഷങ്ങള്‍കൊണ്ട് തയ്യാറാക്കിയ മുന്നൊരുക്കങ്ങളാണ് വികസനത്തിന്റെ പഞ്ചസ്തംഭങ്ങളായി പ്രധാനമന്ത്രി ജനസമക്ഷം അവതരിപ്പിച്ചത്. വന്‍കുതിപ്പിന് സജ്ജമായ നമ്മുടെ സമ്പദ്ഘടനയും ആധുനികവത്കൃത അടിസ്ഥാന സൗകര്യവികസനവും സാങ്കേതിക മികവില്‍ ഊന്നിയ നിര്‍വ്വഹണ സംവിധാനവും, ഊര്‍ജ്ജസ്വലമായ നമ്മുടെ മനുഷ്യവിഭവശേഷിയും, കാര്യക്ഷമതയുള്ള വിതരണശൃംഖലയുമടങ്ങുന്ന ഭാരതത്തിന്റെ സുസജ്ജസംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ ചലിച്ചുതുടങ്ങിയാല്‍ കോവിഡാനന്തര ലോകത്തെ വന്‍ശക്തിയാകാന്‍ ഭാരതത്തിനാകും. ‘ആത്മനിര്‍ഭര ഭാരതം’ എന്ന പുതിയ പദ്ധതി ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനതന്ത്രമാണ്. ഭാരതീയന്റെ ഉള്ളില്‍ ഉണരുന്ന കടുത്ത ദേശസ്‌നേഹവും സ്വദേശി മനോഭാവവുമായിരിക്കും ഈ പദ്ധതിയുടെ ഉള്‍പ്രേരകമായി വര്‍ത്തിക്കുക. ജനങ്ങളില്‍ സ്വദേശി ഉല്‍പ്പന്നങ്ങളോട് ആഭിമുഖ്യമുണരാന്‍ ആവശ്യമായ കാര്യങ്ങള്‍കൂടി ചെയ്യേണ്ടതുണ്ട്. വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഭാരതീയ ഉല്‍പ്പന്നങ്ങള്‍കൊണ്ട് കമ്പോളം നിറയുന്ന സാഹചര്യമുണ്ടാകണം. ഇതിനാവശ്യമായ ഗവേഷണങ്ങളും അനിവാര്യമാണ്. ഭാരതവിപണിയിലെ സ്മാര്‍ട്ട് ഫോണുകളില്‍ അറുപത്തേഴു ശതമാനത്തോളം ചൈനയില്‍നിന്നു വരുന്നവയാണെന്നു പറയുമ്പോള്‍ എത്രത്തോളം മൂലധനച്ചോര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സാങ്കേതികമികവുള്ള ഉല്‍പ്പന്നങ്ങള്‍ ഭാരതത്തിന് നിര്‍മ്മിക്കുക അസാധ്യമായ കാര്യമല്ല. ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെ ഗുണമേന്മയുള്ള ഇലക്‌ട്രോണിക്‌സ് വസ്തുക്കള്‍ മാത്രമല്ല മൂല്യവര്‍ദ്ധിത ഭക്ഷ്യവസ്തുക്കളും ഉണ്ടാക്കാന്‍ കഴിയണം. കോവിഡാനന്തരകാലത്തെ അതിജീവിക്കുക എന്ന താത്കാലിക ലക്ഷ്യമാവരുത് നമ്മുടെ മുന്നിലുണ്ടാവേണ്ടത്. ദേശപ്രേമ പ്രേരിതമായ സ്വാശ്രയ മനോഭാവത്തിലൂടെ ഭാരതം നീങ്ങാന്‍ തയ്യാറായാല്‍ ഭാവി ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ഭാരതമായിരിക്കും. ഇതിലേക്കുള്ള ശക്തമായൊരു ചുവടുവയ്പ്പാണ് ‘ആത്മനിര്‍ഭര ഭാരതം’ എന്ന നവ സംരംഭം.
Discussion about this post