ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് മെഡിക്കല്‍ ആപ്പ് വികസിപ്പിച്ച ഡോക്ടറെ എൻഐഎ അറസ്റ്റു ചെയ്തു. ബെംഗളൂരുവിൽ ആണ് അറസ്റ്റ് നടന്നത്. ബെംഗളൂരു എംഎസ് രാമയ്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന അബ്ദുർ റഹ്‌മാനാണ് എൻഐഎയുടെ പിടിയിലായത്.
ബസവനഗുഡി സ്വദേശിയായ ഇയാൾ മുൻപ് സിറിയയിൽ ഐഎസ് ക്യാമ്പ് സന്ദർശിച്ചിരുന്നു. സംഘർഷ മേഖലകളിൽ ഐഎസ് പ്രവർത്തകർക്ക് ഉപയോഗിക്കാനാണ് ഇയാൾ മെഡിക്കല്‍ ആപ്പ് വികസിപ്പിച്ചതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുമായും സിറിയയിലെ മറ്റ് ഐസിസ് പ്രവർത്തകരുമായും തനിക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ബസവനഗുഡി നിവാസിയായ അബ്ദുർ റഹ്മാൻ കുറ്റസമ്മതം നടത്തിയെന്നാണ് എൻഐഎ റിപ്പോർട്ട് ചെയ്യുന്നത്.
സംഘർഷമേഖലകളിലെ ഐസിസ് പ്രവർത്തകരെ സഹായിക്കുന്നതിനായി ഒരു മെഡിക്കൽ ആപ്ലിക്കേഷനും ഐസിസ് പോരാളികൾക്കായി ആയുധങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ആപ്ലിക്കേഷനും വികസിപ്പിച്ചതായാണ് എൻഐഎ കണ്ടെത്തിയത്.
ഈ വർഷം മാർച്ചിൽ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അബ്ദുർ റഹ്മാനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഡൽഹി ജാമിയ നഗറിലെ ഒഖ്‌ല വിഹാറിൽ നിന്നുള്ള കശ്മീരി ദമ്പതികളായ ജഹാൻസായിബ് സമി വാനി, ഭാര്യ ഹിന ബഷീർ ബീഗ് എന്നിവരെയും ഡിഎസ്‌സി അറസ്റ്റ് ചെയ്തിരുന്നു. നിരോധിത തീവ്രവാദ സംഘടനയും ഐസിസിന്റെ ഭാഗവുമായ ഐഎസ്‌കെപിയുമായി ഈ ദമ്പതികൾക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഇവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി എൻഐഎ വ്യക്തമാക്കുന്നു.
Discussion about this post