കൊച്ചി: കേരളത്തിന്റെ ആരോഗ്യ ഡേറ്റകള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറിയെന്ന ആരോപണവുമായി കരാവന്‍ മാസിക. കേരള സര്‍ക്കാരിന്റെ കിരണ്‍ ആരോഗ്യ സര്‍വേയിലെ (കേരള ഇന്‍ഫര്‍മേഷന്‍ ഓഫ് റെസിഡന്റ്‌സ്- ആരോഗ്യം നെറ്റ്‌വര്‍ക്ക്) വിവരങ്ങള്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് (പിഎച്ച്ആര്‍ഐ) കൈമാറുന്നുവെന്നാണ് ആരോപണം. നേരത്തേ ഈ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഒരു വിവരവും കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പിഎച്ച്ആര്‍ഐ പ്രതിനിധികളുടെയും ഇ മെയിലുകള്‍ പുറത്തുവിട്ടാണ് കാരവന്‍ മാഗസിന്‍ സര്‍ക്കാര്‍ വാദത്തെ പൊളിച്ചടുക്കിയിരിക്കുന്നത്.
നേരത്തെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത് കള്ളമാണെന്നും ആരോഗ്യസര്‍വേക്കായി പിഎച്ച്ആര്‍ഐ മുടക്കിയത് കോടികളാണെന്നും കാരവന്‍ മാഗസിന് വേണ്ടി എം.എസ്. നിലീന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിഎച്ച്ആര്‍ഐയുമായുള്ള സഹകരണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും റിപ്പോട്ടില്‍ പറയുന്നുണ്ട്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ രാജീവ് സദാനന്ദന്‍, പിഎച്ച്ആര്‍ഐയുടെ തലവനും കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശലയിലെ പ്രൊഫസറുമായ സലീം യൂസഫ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പ്രൊഫസറും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന എന്‍ജിഒയുടെ സെക്രട്ടറിയുമായ കെ. വിജയകുമാര്‍, അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ കെ.ആര്‍. തങ്കപ്പന്‍ എന്നിവരുടെ ഇ- മെയിലുകളാണ് കാരവന്‍ മാഗസിന്‍ പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യസര്‍വേയിലെ വിവരങ്ങള്‍ പിഎച്ച്ആര്‍ഐയ്ക്ക് കൈമാറുന്നതിനെക്കുറിച്ചും പദ്ധതിക്ക് പിന്നിലെ ഭീമമായ സാമ്പത്തിക നിക്ഷേപത്തെക്കുറിച്ചും ഇ മെയില്‍ സന്ദേശങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.
2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച കെഎച്ച്ഒബിഎസ് (കേരള ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി ആന്‍ഡ് ബേസ് ലൈന്‍ സര്‍വേ) ആണ് മറ്റൊരു പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2018ല്‍ വീണ്ടും നടപ്പിലാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സര്‍വേ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സിപിഎം അടക്കമുള്ള പാര്‍ട്ടികളും കുറ്റപ്പെടുത്തിയിരുന്നു. വിവാദം ശക്തമായതോടെ യുഡിഎഫ് സര്‍ക്കാര്‍ സര്‍വേ വേണ്ടെന്നുവച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍ സര്‍വേ വേണ്ടെന്നുവച്ചപ്പോള്‍ കേന്ദ്രസര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയി. പിന്നീട് 2016 മെയിലാണ് സംസ്ഥാന ആരോഗ്യവകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വീണ്ടും ചാര്‍ജെടുത്തത്. ഇതിനുപിന്നാലെ 2016 ജൂണില്‍ ഡോ. വിജയകുമാര്‍ ഇക്കാര്യം സൂചിപ്പിച്ച് പിഎച്ച്ആര്‍ഐ കോര്‍ഡിനേറ്റര്‍ സുമതി രംഗരാജന് മെയില്‍ അയച്ചു.
രാജീവ് സദാനന്ദന്‍ വീണ്ടും ചാര്‍ജെടുത്തെന്നും ഇപ്പോള്‍ എല്ലാം സുരക്ഷിതമാണെന്നുമാണ് മെയിലില്‍ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെ സുമതി രംഗരാജന്‍ അറിയിച്ചതനുസരിച്ച് സലീം യൂസഫ് മറുപടി സന്ദേശം അയച്ചു. നേരത്തെ ആരംഭിച്ച സര്‍വേക്ക് പുതിയ പേര് വേണമെന്നും മന്ത്രിയെയും മുഖ്യമന്ത്രിയെയും ഇതിന്റെ ഭാഗത്താക്കണമെന്നും മാധ്യമങ്ങളെ നമ്മുടെ പക്ഷത്താക്കാന്‍ തന്ത്രങ്ങള്‍ വികസിപ്പിക്കണമെന്നും മെയിലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ രാഷ്ട്രീയപരമായോ മറ്റോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുന്‍കൂട്ടി കാണണമെന്നും അതിനുള്ള തന്ത്രങ്ങള്‍ രൂപവത്കരിച്ച ശേഷം ആരംഭിക്കാമെന്നും സന്ദേശത്തില്‍ പറയുന്നു. 2016 ഒക്ടോബറില്‍ യൂസഫ് അയച്ച മെയിലിലാണ് വിവരങ്ങള്‍ കൈമാറുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്. ഡേറ്റ കൈമാറുന്നതാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥയെന്നാണ് ഈ സന്ദേശങ്ങളില്‍ പറയുന്നത്. ഡിസംബര്‍ 2018ന് ആരംഭിച്ച കിരണ്‍ സര്‍വേ കേരളത്തിലെ പത്ത് ലക്ഷം പേരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ്, സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍, ഇ ഹെല്‍ത്ത് കേരള എന്നിവയുടെ പിന്തുണയോടെയാണ് സര്‍വേ നടത്തുന്നതെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.
കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയെക്കുറിച്ചോ അതിന് കീഴിലെ പിഎച്ച്ആര്‍ഐയെക്കുറിച്ചോ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നില്ല. പക്ഷേ സര്‍വേയില്‍ പിഎച്ച്ആര്‍ഐയുടെ പങ്കാളിത്തത്തെക്കുറിച്ച് 2019ല്‍ വീണ്ടും വിവാദങ്ങളുയര്‍ന്നു. എന്നാല്‍ വിവരങ്ങള്‍ വിശകലനം ചെയ്യാനുള്ള സാങ്കേതിക സഹായം മാത്രമാണ് പിഎച്ച്ആര്‍ഐയില്‍നിന്ന് തേടിയതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യവകുപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ സ്റ്റേറ്റ് ഡേറ്റ സെന്ററില്‍ സുരക്ഷിതമാണെന്നും കനേഡിയന്‍ കമ്പനിയ്ക്ക് വിവരങ്ങള്‍ കൈമാറുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വിശദീകരണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് കാരവന്‍ പുറത്തുവിട്ട ഇ മെയില്‍ സന്ദേശങ്ങള്‍. സ്പ്രിംഗ്‌ളര്‍ ഡേറ്റ കച്ചവടത്തിനു പിന്നാലെ സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും മയക്കുമരുന്ന് കടത്തുമെല്ലാം പിണറായി സര്‍ക്കാരിനെ വേട്ടയാടുമ്പോള്‍ വെള്ളിടിയായാണ് കാരവന്‍ ഇമെയിലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post