തിരുവല്ല: അനധികൃതമായി വിദേശനിക്ഷേപം സ്വീകരിച്ച ബിഷപ്പ് കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ്. റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചിരുന്ന 54 ലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴു മുതല്‍ ബിലീവേഴ്‌സ് ചര്‍ച്ച സ്ഥാപനങ്ങളില്‍ കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓ്ഫ് ഇന്‍കം ടാക്‌സിന്റെ ഉത്തരവ് പ്രകാരമാണ് റെയ്ഡ് ആരംഭിച്ചത്. കെ.പി. യോഹന്നാന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. യോഹന്നാന്‍ സ്ഥാപിച്ച ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്നീ പ്രസ്ഥാനങ്ങള്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് വന്‍ തോതില്‍ വിദേശ സഹായം സ്വീകരിക്കുന്നതായി നേരത്തെ തന്നെ പരാതിയുള്ളതാണ്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്‌തെന്നു കാണിച്ച് യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്‌ക്കെതിരേ അമേരിക്കയിലും കേസ് ഉണ്ടായിരുന്നു. ഒടുവില്‍ 37 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഈ കേസ് ഒത്തുതീര്‍പ്പാക്കി.
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്താനെന്ന പേരില്‍ അമേരിക്കയില്‍ നിന്നും പണം സ്വരൂപിച്ച് വ്യക്തിപരമായ ആസ്തി ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യോഹന്നാനും ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കും എതിരെ ഉണ്ടായിരുന്ന കേസ്. കേരളത്തില്‍ പതിനായിരം ഏക്കര്‍ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഹന്നാന്‍ തന്നെ സ്ഥാപിച്ച ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ പേരില്‍ ഏഴായിരം ഏക്കര്‍ ഭൂമിയും. പുറത്തു വന്നിട്ടുള്ള കണക്കുകള്‍ പ്രകാരം 1991 മുതല്‍ 2008 വരെ 572,06,0087 രൂപയുടെ വിദേശ ഫണ്ട് ഗോസ്പല്‍ ഫോര്‍ ഏഷ്യ സ്വന്തമാക്കിയിട്ടുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ച് 2002 മുതല്‍ 2008 വരെയുള്ള കാലത്ത് 472,02,71,753 രൂപയും വിദേശ സഹായമായി കൈക്കലാക്കി. ഈ രണ്ടു സ്ഥാപനങ്ങളുടെയും പേരില്‍ വിദേശ നാണയ ചട്ടം ലംഘിച്ച് രാജ്യത്തിന് പുറത്തു നിന്ന് സംഭാവനകള്‍ സ്വീകരിച്ച് വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമാക്കുന്നതായുമുള്ള നിരവധി ആരോപണങ്ങളും പരാതികളും യോഹന്നാനെതിരെ നിലവിലുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തില്‍ 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ കെ.പി. യോഹന്നാനെതിരേ അന്വേഷണം പ്രഖ്യാപിപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മുറുകിയതോടെ അന്വേഷണം മരവിപ്പിച്ച അവസ്ഥയിലാണ്.
Discussion about this post