കൊച്ചി: സ്വര്‍ണക്കടത്ത് കേസിനെത്തുടര്‍ന്നു കേരള സര്‍ക്കാരിനെതിരെ ആരോപണശരങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാന്‍ കേന്ദ്രഏജന്‍സികളെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടി സിപിഎമ്മും ഇപ്പോള്‍ ഇനിയെന്തെന്നറിയാത്ത അവസ്ഥയില്‍. മുഖ്യമായും മന്ത്രിസഭയെയും പാര്‍ട്ടിയെയും വരിഞ്ഞുമുറുക്കിയിരക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ്. സ്വര്‍ണക്കടത്തും ലൈഫ് മിഷനുമെല്ലാം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ മയക്കുമരുന്ന് കടത്തും അനധികൃത സമ്പാദ്യവുമെല്ലാം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ പൂട്ടിയിടുകയാണ്. ഇപ്പോള്‍ അശനിപാതം പോലെ പാര്‍ട്ടിയുടെ എക്കാലത്തെയും വിശ്വസ്തന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുമ്പോള്‍ തന്നെ അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് ചേരുകയായിരുന്നു എകെജി സെന്ററില്‍. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമടക്കം എകെജി സെന്ററിലെത്തിയത് രവീന്ദ്രനെ ചോദ്യം ചെയ്യുമെന്ന കാര്യം സ്ഥിരീകരിച്ചതോടെയാണ്. മുഖ്യമന്ത്രിയുടെ കീഴില്‍ ഒരു സൂപ്പര്‍ പവറായാണ് സി.എം. രവീന്ദ്രന്‍ നിലകൊള്ളുന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. മുഖ്യമന്ത്രിയുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതു ഇദ്ദേഹമാണ്. താന്‍ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഉറപ്പായതോടെ തന്റെ ബോസായ സി.എം. രവീന്ദ്രനെക്കുറിച്ചും അദ്ദേഹത്തിന്റെ ഇടപെടലുകളും ഇഡിക്കു മുന്നില്‍ തുറന്നുപറയുകയായിരുന്നു.
1980കളുടെ ആദ്യം മുതല്‍ തിരുവനന്തപുരത്തെത്തിയ ഒഞ്ചിയത്തു നിന്നുള്ള ഈ സഖാവ് കാലങ്ങളായി പാര്‍ട്ടിയുടെ വിശ്വസ്ത പ്രതിനിധിയായി ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും പ്രവര്‍ത്തിച്ചു. പി.വി. കുഞ്ഞിക്കണ്ണന്റെ സഹായിയായി തലസ്ഥാനത്തെത്തിയ രവീന്ദ്രന്‍ എകെജി സെന്ററില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കെത്തുന്നത് പിണറായി വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ്. പിന്നീട് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും വിവിധ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലും തുടര്‍ന്ന അദ്ദേഹം പിണറായി മുഖ്യമന്ത്രിയായതോടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി. സിപിഎം നേതാക്കളുടെ ശ്വാസഗതിയെപ്പോലും നിയന്ത്രിക്കുന്ന രവീന്ദ്രന്‍ സത്യങ്ങള്‍ വിളിച്ചുപറയുമോ എന്ന ഭയം എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഉറക്കം കളയുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയടക്കം നിയന്ത്രിക്കാന്‍ ശേഷിയുള്ള രവീന്ദ്രന്‍ പല വിവാദ പദ്ധതികളുടെയും ചുക്കാന്‍ പിടിച്ചെന്നും രവീന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പലതും ചെയ്തതെന്നും ശിവശങ്കര്‍ ഇഡിയോട് വെളിപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റും കസ്റ്റഡിയുമൊന്നും കാര്യമാക്കാത്തവര്‍ രവീന്ദ്രനെ രക്ഷിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍.
Discussion about this post