ഭുവനേശ്വർ: 2021-ൽ നടക്കാൻ പോകുന്ന നാസ ഹ്യൂമൻ എക്സ്പ്ലോറേഷൻ റോവർ ചലഞ്ചിൽ പങ്കെടുക്കാൻ ഒഡീഷയിലെ നവോന്മേഷ് പ്രസാർ സ്റ്റുഡന്റ് ആസ്ട്രോണോമി ടീമിനെ തിരഞ്ഞെടുത്തു. 10 അംഗങ്ങളുള്ള ടീമായിരിക്കും അടുത്ത വർഷം ഏപ്രിലിൽ നാസ ഹ്യൂമൻ എക്സ്പ്ലോറേഷൻ റോവർ ചലഞ്ചിൽ പങ്കെടുക്കുക.
ഒരു ഗ്രഹത്തിന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഉപരിതല പര്യവേക്ഷണ ഉപകരണമാണ് റോവർ. ഭൂബനേശ്വർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നവോന്മേഷ് പ്രസാർ ഫൗണ്ടേഷനാണ് ഈ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. സ്പേസ് സിസ്റ്റങ്ങൾ, റോവറുകൾ, റോക്കറ്റുകൾ, സാറ്റലൈറ്റുകൾ എന്നിവ നിർമിക്കുക, ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്ന സംഘടനയാണ് നവോന്മേഷ് പ്രസാർ ഫൗണ്ടേഷൻ. കുട്ടികൾ മുതൽ ഐടിഐ വിദ്യാർത്ഥികൾ വരെ ഈ ഫൗണ്ടേഷനിൽ അംഗമായുണ്ട്.
നാസ ഹ്യൂമൻ എക്സ്പ്ലോറേഷൻ റോവർ ചലഞ്ചിനു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ ടീമാണ് നവോന്മേഷ് പ്രസാർ സ്റ്റുഡന്റ് ആസ്ട്രോണോമി ടീമെന്ന് ഫൗണ്ടേഷന്റെ സ്ഥാപകനായ അനിൽ പ്രധാൻ പറഞ്ഞു. വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള മൊബിലിറ്റി ഡിവൈസുകൾക്കാവശ്യമായ സാങ്കേതിക വിദ്യകൾ രൂപകല്പന ചെയ്യുക, നിർമിക്കുക, പരീക്ഷിക്കുക എന്നിവയാണ് ഈ ചലഞ്ചിലൂടെ നാസ ലക്ഷ്യമിടുന്നത്.
നാസയിൽ നിന്നും ക്ഷണം ലഭിച്ചതിനു പിന്നാലെ തങ്ങൾ റോവർ നിർമിക്കാനാരംഭിച്ചെന്നും ചലഞ്ചിൽ പങ്കെടുക്കുന്നതിനായി പണം സമാഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അനിൽ പ്രധാൻ കൂട്ടിച്ചേർത്തു.
Discussion about this post