തിരുവനന്തപുരം: നാം നമ്മളിലേക്ക് ഒതുങ്ങുകയല്ല, പ്രപഞ്ചത്തിലേക്ക് വളരാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന ചിന്താധാരയിലുള്ള ഋഷിപരമ്പരയുടെ കണ്ണിയായിരുന്നു പരമേശ്വര്‍ജിയെന്ന് ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. പി.പരമേശ്വര്‍ജി ശ്രദ്ധാഞ്ജലി സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിതം ധന്യമാക്കുക സുഖകരമായ കാര്യമല്ല. നാം നമുക്കു വേണ്ടി ജീവിക്കാതെ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് വഴികാട്ടിയായും പ്രേരണാസ്രോതസ്സായും സമര്‍പ്പിക്കുമ്പോഴാണ് അത് ധന്യമാവുക. പരമേശ്വര്‍ജി തന്റെ ജീവിതം സമാജത്തിനും സംഘടനയ്ക്കും രാഷ്ട്രത്തിനുമായി സമര്‍പ്പിച്ചു. പി.പരമേശ്വരന്‍ ആര്‍.എസ്.എസ്സിന്റെ സൃഷ്ടിയാണ്. എങ്ങനെയാണ് മാതൃകാപരമായി ജീവിക്കേണ്ടതെന്ന സന്ദേശം അദ്ദേഹം സമര്‍പ്പിതമായ ജീവിതം കൊണ്ട് പുതുതലമുറയിലേക്ക് ആവാഹിച്ചുകൊണ്ടാണ് വിട്ടുപിരിഞ്ഞത്. കവിയായോ ചിന്തകനായോ എഴുത്തുകാരനായോ അറിയപ്പെടാനാവുന്ന സാഹചര്യം പരമേശ്വര്‍ജിക്കുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അറിയപ്പെട്ടത് ആര്‍.എസ്.എസ്സിന്റെ സൈദ്ധാന്തികനായിട്ടായിരുന്നു അദ്ദേഹം പറഞ്ഞു.
സഹപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ പ്രത്യേക കഴിവുള്ള സംഘാടകനായിരുന്നു പരമേശ്വര്‍ജിയെന്ന് ഓ.രാജഗോപാല്‍ എം.എല്‍.എ അനുസ്മരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ മഹത്വം ഭാരതം മുഴുവന്‍ അറിയിക്കാന്‍ ഉണ്ടായ സാഹചര്യം പരമേശ്വര്‍ജിയുടെ കൃതിയാണ്. ബൗദ്ധിക മണ്ഡലത്തില്‍ തനതായ സംഭാവനകള്‍ നല്‍കി കേരളത്തെ ശക്തിപ്പെടുത്തിയ വ്യക്തിത്വമാണ് പരമേശ്വര്‍ജിയെന്നും രാജഗോപാല്‍ പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ ഡോ.സി.വി.ജയമണി അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി വി.എസ്. സജിത്കുമാര്‍, സ്ഥാനീയ സമിതി അധ്യക്ഷന്‍ ഡോ.ലക്ഷ്മി വിജയന്‍ എന്നിവര്‍ സംസാരിച്ചു. പരമേശ്വര്‍ജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ശ്രദ്ധാഞ്ജലി സഭ ആരംഭിച്ചത്.
Discussion about this post