തിരുവനന്തപുരം: പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും ബൗദ്ധിക ഇടപെടലുകളിലൂടെയും കേരളത്തിന് ദിശാബോധം നല്‍കിയ മഹാത്മാവാണ് പി.പരമേശ്വരനെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. ഒന്നാമത് പി.പരമേശ്വരന്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എട്ടാം നൂറ്റാണ്ടില്‍ ജഗദ്ഗുരു ആദി ശങ്കരാചാര്യര്‍ അദ്ദേഹത്തിന്റെ അദ്വൈത വേദാന്തമെന്ന തത്വചിന്തയിലൂടെ വിവിധങ്ങളായ ചിന്താധാരകളേയും ജീവിത രീതികളേയും സമന്വയിപ്പിച്ചു. അടുത്തകാലത്ത് ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി രംഗനാഥാനന്ദയും ചിന്മയ മിഷനിലെ സ്വാമി ചിന്മയാനന്ദയും ഇന്ത്യയുടെ ആത്മീയതയുടേയും സംസ്‌കാരത്തിന്റേയും പ്രതിപുരുഷന്മാരായി. മാതാ അമൃതാനന്ദമയിയും അതേ പാതയിലാണ് മുന്നോട്ടു പോകുന്നത്.
ശ്രീനാരായണ ഗുരു ഇല്ലായിരുന്നെങ്കില്‍ കേരളം സാമൂഹ്യ-ബൗദ്ധിക പതനത്തിന്റെ അന്ധകാരത്തില്‍ മുങ്ങി പോകുമായിരുന്നു. ‘ശ്രീ നാരായണ ഗുരു- നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന തന്റെ പുസ്തകത്തില്‍ പരമേശ്വരന്‍ജി ശ്രീ നാരായണ ഗുരുവിന്റെ അധ്യാപനത്തേയും ജീവിതത്തേയും ശരിയായ വീക്ഷണത്തില്‍ അവതരിപ്പിച്ചു.
കേരളത്തിലെയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെയും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന സമഗ്രമായ ഒരു ജീവിതശാസ്ത്രമായി പരമേശ്വരന്‍ജി ഗീതയെ അവതരിപ്പിച്ചു. ഇതിനായി നിരവധി സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുകയും പഞ്ചായത്ത് തലത്തില്‍ സ്വാധ്യായ സമിതികള്‍ ആരംഭിക്കുകയും ചെയ്തു. സംസ്‌കൃതം, യോഗ, ഗീതാ പഠനം എന്നിവ സംയോജിപ്പിക്കുന്നതിന് ശ്രമിക്കുകയും അതിനു വേണ്ടി സംയോഗി എന്നൊരു പുതിയ പദം ഉപയോഗിക്കുകയും ചെയ്തു. കേരളം അഭിമുഖീകരിക്കുന്ന വികസനപ്രശ്‌നങ്ങള്‍, സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങള്‍ ഇതൊക്കെ ചര്‍ച്ച ചെയ്യുന്നതിനും പരമേശ്വരന്‍ജി വിവിധ സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍, ശ്രീ അരബിന്ദോ, ശ്രീ നാരായണ ഗുരു, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ തുടങ്ങിയവരുടെ ചിന്തകളെയും പഠനങ്ങളേയും യുവാക്കളില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച കേരളത്തിലെ രാമായണ മാസാചരണം പുനരുജ്ജീവിപ്പിക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു; വെങ്കയ്യ നായിഡു പറഞ്ഞു.
ബൗദ്ധിക പരിശുദ്ധിയും എളിമയും പാലിച്ചിരുന്ന വ്യക്തി യായിരുന്നു പി. പരമേശ്വരനെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ദേശീയതയ്ക്കായി ജീവിതം മാറ്റിവച്ച അദ്ദേഹം ഇന്ത്യന്‍ ബുദ്ധിജീവികള്‍ക്ക് മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പരമേശ്വര്‍ജിയുടെ ഛായാചിത്രം പ്രജ്ഞാ ഭാരതി ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അനാച്ഛാദനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു സ്വാഗതവും ഡോ.കെ.എന്‍. മധുസൂദനന്‍പിള്ള നന്ദിയും പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരന്‍, ഓ.രാജഗോപാല്‍ എം.എല്‍.എ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
Discussion about this post