മതം മാറിയാല്‍ എല്ലാ ആനുകൂല്യങ്ങളും. മതം മാറിയില്ലെങ്കില്‍ ജോലിയുമില്ല, ജീവിതവുമില്ല.. സ്‌കൂള്‍പ്രവേശനത്തിന് പോലും വിലക്ക്…. മതം മാറാനൊരുക്കമല്ലെന്നും അല്ലാതെ തന്നെ ഈ മണ്ണില്‍ പിറന്നവര്‍ക്ക് സര്‍ക്കാരുദ്യോഗങ്ങളില്‍ അവകാശമുണ്ടെന്നും പ്രഖ്യാപിക്കുകയായിരുന്നു ഈഴവമെമ്മോറിയല്‍….
‘അടിയങ്ങളില്‍ വിദ്യാഭ്യാസമുള്ളവര്‍ ഇതര ജാതിക്കാരോട് ഒത്തുനോക്കിയാല്‍ വളരെ മോശവും വിശേഷിച്ച് ഇക്കാലത്ത് പരിഷ്‌കാരത്തിന് അവശ്യം വേണ്ടതായ ഇംഗ്ലീഷ് പഠിത്തമുള്ളവര്‍ വളരെ ചുരുക്കവുമാണ്…. ഇതിനുകാരണം പഠിത്തത്തിന് സൗകര്യമില്ലായ്മ ഒന്നുമാത്രമല്ല. വിദ്യാഭ്യാസത്തിന്റെ പ്രയോജനമെന്ന് ജനങ്ങള്‍ വിചാരിക്കുന്ന സര്‍ക്കാരുദ്യോഗങ്ങളില്‍ അടിയങ്ങള്‍ക്ക് നിശ്ശേഷം അര്‍ഹതയില്ലെന്ന് വെച്ചിരിക്കുന്നതും പ്രധാനമായൊരു കാരണമാണ്…. അതിനാല്‍ മേലാലെങ്കിലും എല്ലാ ഗവണ്‍മെന്റ് പള്ളിക്കൂടങ്ങളിലും കടന്ന് പഠിച്ചുകൊള്ളത്തക്കവണ്ണവും യോഗ്യതാനുസാരം അടിയങ്ങള്‍ക്കും സര്‍ക്കാരുദ്യോഗം കിട്ടത്തക്കവണ്ണവും …. കല്പനയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.’
ഈഴവര്‍ക്ക്, പിന്നീട് മുഴുവന്‍ മലയാളികള്‍ക്കും നീതി തേടിയുള്ള ഒരു പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു വിഖ്യാതമായ ഈഴവമെമ്മോറിയല്‍…. അനീതിക്കെതിരായ സംഘടിതമുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഡോ. പല്പുവും. 1896 സെപ്റ്റംബര്‍ 3ന്, ഇന്നേക്ക് 125 വര്‍ഷം മുമ്പാണ് അത് സംഭവിച്ചത്. 176 ഈഴവസമുദായാംഗങ്ങള്‍ ഒപ്പുവെച്ച ഭീമഹര്‍ജി ശ്രീമൂലംതിരുനാളിന് സമര്‍പ്പിച്ചതാണ് ആ ചരിത്രസംഭവം.
Discussion about this post