തിരുവനന്തപുരം: തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്ററിലേയ്ക്ക് ഉപകരണങ്ങളുമായി എത്തിയ ഐഎസ്ആര്‍ഒയുടെ വാഹനം തടഞ്ഞ് നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്. വേളി ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. വാഹനം കടത്തിവിടണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് എത്തിയ പോലീസുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു.
184 ടണ്‍ ലോഡാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് ലേബര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത്. പ്രതിഷേധക്കാരോട് കൃത്യമായി സംസാരിച്ചതാണെന്നും ജോലി ഇല്ലാതെ കൂലി കൊടുക്കാന്‍ കഴിയില്ലെന്നും പ്രോജക്ട് കണ്‍സള്‍ട്ടന്റ് രാജേശ്വരി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടന്നത്.
ലത്തീന്‍ സഭയുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് വേളി ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് സൊസൈറ്റി. ഇവര്‍ കഴിഞ്ഞ ദിവസം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചു. ഇതിലാണ് തുമ്പ പൊലീസ് കേസെടുത്തത്. അന്യായമായി സംഘംചേരല്‍, ഔദ്യോഗിക വാഹനം തടയല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വളരെ കാലമായി ഇവര്‍ വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തുന്ന ചരക്ക് വാഹനങ്ങളില്‍ നിന്നും നോക്കുകൂലി ആവശ്യപ്പെടുന്നുണ്ട്.
Discussion about this post