തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘ശ്രീ പദ്മനാഭദാസ ചിത്തിരതിരുനാള്‍ അന്താരാഷ്ട്ര വിമാനത്താവളം’ എന്ന പേര് നല്‍കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭ ആവശ്യപ്പെട്ടു.
ശ്രീചിത്തിരതിരുനാളിന്‍റെ കഴിവും കാഴ്ചപ്പാടും എത്ര വലുതാണെന്ന് തെളിയിക്കുന്നതാണ് അധികാരക്കൈമാറ്റ സമയത്ത് അദ്ദേഹം കൈമാറിയ സ്ഥാപനങ്ങളെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കേരളാ സര്‍വകലാശാല, വിമാനത്താവളം, മെഡിക്കല്‍ കോളജ്, ആയുര്‍വേദ കോളജ്, എഞ്ചിനീയറിങ് കോളജ്, ഹോമിയോ കോളജ്, ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കെഎസ്ആര്‍ടിസി, ശ്രീഅവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍, പള്ളിവാസല്‍ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി, ടൈറ്റാനിയം പ്രൊഡക്ട്‌സ്, ഫാക്ട്, ടെലഫോണ്‍ സര്‍വീസ്, റേഡിയോ സ്റ്റേഷന്‍, സ്വാതിതിരുനാള്‍ സംഗീത കോളജ്, ശ്രീചിത്ര ആര്‍ട്ട് ഗാലറി തുടങ്ങിയവ ഇവയില്‍ ചിലതാണ്.
നൂറ്റാണ്ടുകളായി നിലനിന്ന അയിത്താചരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് ക്ഷേത്രപ്രവേശന വിളംബരം നടത്തിയതും അദ്ദേഹത്തിന്‍റെ കാലത്താണ്. ഇതെല്ലാം പരിഗണിച്ച് വിമാനത്താവളത്തിന്റെ പേര് ‘ശ്രീപത്മനാഭദാസ ചിത്തിരതിരുനാള്‍ വിമാനത്താവളം’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് പ്രധാനമന്ത്രിയോടും വ്യോമയാന മന്ത്രിയോടും ഭാരതീയവിചാര കേന്ദ്രം സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു. ഭോപ്പാല്‍ ഭോജരാജ് അന്താരാഷ്ട്ര വിമാനത്താവളവും, ബെംഗളൂരു കെംപ ഗൗഡ വിമാനത്താവളവും മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളവും ജയ്പൂര്‍ മഹാറാണ പ്രതാപ് വിമാനത്താവളവും ഇതിന് മാതൃകകളാണെന്ന് ഡോ. സി.വി. ജയമണി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വര്‍ക്കിങ് പ്രസിഡന്റ് ഡോ. സി.ഐ. ഐസക്ക്, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, സംഘടനാസെക്രട്ടറി വി. മഹേഷ്, ആര്‍എസ്എസ് ക്ഷേത്രീയ വ്യവസ്ഥാപ്രമുഖ്, കെ. വേണു, ഷാജി വരവൂര്‍, അഡ്വ. അഞ്ജനാദേവി, ജെ. മഹാദേവന്‍, വി. സുരേന്ദ്രന്‍, സി.കെ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post