ന്യൂദല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാനെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനയെയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഉചിതമല്ലാത്ത വേദികളില്‍ ഇന്ത്യയ്‌ക്കെതിരെ തെറ്റായതും ദുരുദ്ദേശപരവുമായ വിഷയങ്ങള്‍ പതിവായി ഉന്നയിച്ച് ദുരുപയോഗം ചെയ്യുന്ന പാക്കിസ്ഥാന്റെ കുത്സിത നീക്കം അവസാനിപ്പിക്കണം. പരാജയപ്പെട്ട രാജ്യം, ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്നിങ്ങനെയുള്ളതില്‍ നിന്ന് പാഠങ്ങള്‍ ആവശ്യമില്ലെന്നും ഇന്ത്യ ആഞ്ഞടിച്ചു.
യുഎന്‍എച്ച്ആര്‍സിയുടെ 48 ാമത് സെഷനില്‍ ഇന്ത്യന്‍ പ്രതിനിധി പവന്‍ ബാധെയാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. ഭീകരരെ പരസ്യമായി പിന്തുണയ്ക്കുന്ന, പരിശീലനം നല്‍കുന്ന, ധനസഹായം നല്‍കുന്ന, ആയുധമാക്കുന്ന ഒരു രാഷ്ട്രമായി ആഗോളതലത്തില്‍ തന്നെ പാകിസ്ഥാനെ അംഗീകരിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകൂടം നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് കൗണ്‍സിലിന്റെ ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെക്കുറിച്ച് കൗണ്‍സിലിന് അറിയാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല ഇന്ത്യ. ശക്തവും പ്രവര്‍ത്തനപരവും ഊര്‍ജ്ജസ്വലവുമായ രാജ്യവുമാണ്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രവും മനുഷ്യാവകാശങ്ങള്‍ ഏറ്റവും മോശമായി ദുരുപയോഗം ചെയ്യുന്നതുമായ പാകിസ്താനെപ്പോലുള്ള ഒരു പരാജയപ്പെട്ട രാജ്യത്തിന്റെ പാഠങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമില്ല. സിഖുകാര്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, അഹ്മദിയകള്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതാണ്.
ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും പാകിസ്താനിലും അധിനിവേശ പ്രദേശങ്ങളിലും തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത വിവാഹങ്ങള്‍, മതപരിവര്‍ത്തനം എന്നിവയ്ക്ക് വിധേയരായിട്ടുണ്ടെന്നും ബാധെ പറഞ്ഞു.
കശ്മീരിനെക്കുറിച്ച് പാകിസ്താനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനും നടത്തിയ അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവകാശം വിനിയോഗിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post