ശ്രീനഗര്‍: വികസനത്തോടൊപ്പം അഭിമാനവും ജമ്മു കശ്മീര്‍ വീണ്ടെടുക്കുന്നു. രാഷ്ട്രത്തിന് ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരുടെയും കശ്മീരിന് യശസ്സ് നേടിക്കൊടുത്ത മഹാരഥന്മാരുടെയും പേരുകളില്‍ കശ്മീരിലെ നിര്‍മ്മിതികള്‍ ഇനി അറിയപ്പെടും. റോഡുകള്‍, പാലങ്ങള്‍, കോളേജുകള്‍, കളിസ്ഥലങ്ങള്‍, ആശുപത്രികള്‍, നിരവധി വികസന പദ്ധതികള്‍ എന്നിവയാണ് മുഖം മിനുക്കുന്നതിനൊപ്പം പേരും മാറുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ തയ്യാറാക്കിയ ഇരുനൂറിലധികം വ്യക്തികളുടെ പേരുകള്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ മേത്ത നേതൃത്വം നല്‍കുന്ന ഉന്നതതല സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കും. ഒക്ടോബര്‍ 26-27 ന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പൊതു ആസ്തികള്‍ക്ക് പേരുകള്‍ നല്‍കാനാണ് തീരുമാനം. ജമ്മുകശ്മീര്‍ ഭാരതത്തില്‍ ലയിച്ചതിന്റെ 75-ാം വാര്‍ഷികവും ശ്രീനഗറില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ ലാന്‍ഡിംഗും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റങ്ങള്‍.
ജമ്മുകശ്മീര്‍ സംസ്ഥാനത്തിലെ ആദ്യത്തെ ‘പ്രധാനമന്ത്രി’ ഷേഖ് അബ്ദുള്ളയുടെയും ഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പേരിലാണ് ഇപ്പോള്‍ പല സ്ഥാപനങ്ങളും അറിയപ്പെടുന്നത്. 1990-96കാലത്ത് ശ്രീനഗറിലെയും മറ്റ് പട്ടണങ്ങളിലെയും പ്രധാന തെരുവുകളിലെ സ്ഥാപനങ്ങളുടെയും കടകളുടെയും സൈന്‍ബോര്‍ഡുകള്‍ തീവ്രവാദികള്‍ പച്ച നിറത്തില്‍ പെയിന്റ് ചെയ്യുകയും പേരുകള്‍ മാറ്റുകയും ചെയ്തു.
ശ്രീനഗര്‍ വിമാനത്താവളം ആക്രമിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി തകര്‍ത്ത ബാരാമുള്ളയിലെ മഖ്ബൂല്‍ ഷെര്‍വാനിയുടെ പേര് ശ്രീനഗറിലെ പ്രശസ്തമായ സ്ട്രീറ്റ് റെസിഡന്‍സി റോഡിന് നല്‍കുമെന്ന് മുമ്പ് പ്രഖ്യാപനമുണ്ടായെങ്കിലും അത് നടപ്പായില്ല. 1986 ല്‍ ജഗ്‌മോഹന്‍ ഗവര്‍ണറായിരിക്കെ റേഡിയോ കാശ്മീര്‍ സമുച്ചയത്തിനടുത്തുള്ള റോഡില്‍ ഷെര്‍വാനിയുടെ പേരില്‍ ഒരു സൈന്‍ബോര്‍ഡ് സ്ഥാപിച്ചെങ്കിലും പിന്നീട് അത് അപ്രത്യക്ഷമായി. ഷെര്‍വാനിയുടെ പേരില്‍ ജന്മനാടായ ബാരാമുള്ളയില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍ തീവ്രവാദികള്‍ നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അഭിമാനത്തിന്റെ വീണ്ടെടുപ്പിനാണ് കശ്മീര്‍ പുതിയ നീക്കത്തിലൂടെ ഒരുങ്ങുന്നതെന്ന് ചീഫ്‌സെക്രട്ടറി അരുണ്‍കുമാര്‍മേത്ത പറഞ്ഞു.
ഇതിഹാസ ഗായകന്‍ മാളിക പുഖ്രാജ്, പ്രമുഖ ഉറുദു എഴുത്തുകാരന്‍ കൃഷ്ണന്‍ ചന്ദര്‍, ഡോഗ്രി സാഹിത്യകാരന്മാരായ പദ്മ സച്ച്ദേവ്, കിഷന്‍ സ്‌മെയില്‍പുരി, രാം നാഥ് ശാസ്ത്രി, വേദ് രാഹി, സിത്താര്‍ മേസ്ട്രോ ശിവ് കുമാര്‍ ശര്‍മ്മ എന്നിവരുടെ പേരിലാകും ജമ്മുവിലെ ചില പൊതു സ്വത്തുക്കള്‍. ഏറ്റുമുട്ടലിനിടെ മരിച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് അശോക് സോധി, 1947 ലെ യുദ്ധത്തില്‍ ബലിദാനിയായ ബ്രിഗ് രജീന്ദര്‍ സിംഗ് അടക്കമുള്ള ധീരസൈനികര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എച്ച്എന്‍ വഞ്ചു, ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ ശ്രീനഗര്‍ ലസ്സ കൗള്‍, സര്‍വാനന്ദ് കൗള്‍ പ്രേമി, ടിക ലാല്‍ തപ്ലൂ, അബ്ദുല്‍ സത്താര്‍ രഞ്ജൂര്‍, മിര്‍ മുസ്തഫ, കാര്‍ഡിയോളജിസ്റ്റ് ഡോ. ഷെയ്ഖ് ജലാല്‍, മൗലാന മുഹമ്മദ് സെയ്ദ് മസൂദി, ലെഫ്റ്റനന്റ് ഉമര്‍ ഫയാസ്, കൗണ്ടര്‍ സര്‍ജന്റുകളായ കുക്ക പരേ, ജാവേദ് ഷാ, മുഷ്താഖ് അഹ്മദ് ലോണ്‍, സഫ്ദര്‍ ബേഗ്, ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ അര്‍ഷാദ് ഖാന്‍, ഡിഎസ്പി അയൂബ് പണ്ഡിറ്റ് തുടങ്ങി ഇരുന്നൂറിലധികം ദേശസ്‌നേഹികളുടെ പേരില്‍ കശ്മീരിലെ പൊതുസ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയ്യാനൊരുങ്ങുകയാണ് ഭരണകൂടം.
Discussion about this post