ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായി 75 സയന്‍സ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ (എസ്ടിഐ) ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ന്യൂദല്‍ഹിയില്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്‍റെ (ഡിഎസ്ടി) ഉന്നതതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 20 എസ്ടിഐ ഹബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എസ്സിക്ക് പതിമൂന്നും എസ്ടിക്ക് ഏഴും ഹബ്ബുകള്‍. ഊര്‍ജ്ജം, ജലം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ 20,000 എസ്സി, എസ്ടി ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്.
എസ്ടിഐ ഹബ്ബുകള്‍ക്ക് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുള്ളത്. ശാസ്ത്ര, സാങ്കേതിക ഇടപെടലുകളിലൂടെ പ്രധാന ഉപജീവനമാര്‍ഗങ്ങളില്‍ ദുര്‍ബലജനവിഭാഗങ്ങളെ ശക്തിപ്പെടുത്തുക, സാമൂഹ്യസംരംഭങ്ങളിലൂടെ സമാജത്തെ സ്വയംപര്യാപ്തമാക്കുക, തദ്ദേശീയ വിജ്ഞാന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണത്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ സിഎസ്‌ഐആര്‍ – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയല്‍ ടെക്‌നോളജി (ഐഎംടെക്) സ്ഥാപിച്ച എസ്ടിഐ ഹബ്, വിവരസാങ്കേതിക വിദ്യയില്‍ പട്ടികജാതി യുവാക്കളുടെ നൈപുണ്യം വികസിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഐഒടി അടിസ്ഥാനമാക്കിയുള്ള പോയിന്റ് ഓഫ് കെയര്‍ ഡിവൈസസ്, ഇ-ഡയഗ്‌നോസ്റ്റിക്‌സ്, സ്മാര്‍ട്ട് ഡയഗ്‌നോസ്റ്റിക് ടെക്‌നോളജികള്‍ എന്നിവ വികസിപ്പിക്കുന്ന പദ്ധതികളില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയതായി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.
പശ്ചിമ ബംഗാളിലെ പുരുലിയ, സിദ്ധോ-കാന്‍ഹോ-ബിര്‍ഷ സര്‍വകലാശാലയില്‍ സ്ഥാപിച്ച എസ്ടിഐ ഹബ് മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് പ്രയോജനം ചെയ്യുന്നത്. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ 34 ഗ്രാമങ്ങളില്‍ നിന്നുള്ള പട്ടികവര്‍ഗക്കാര്‍ ഇതിന്‍റെ ഗുണഭോക്താക്കളാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post