നാഗ്പൂര്‍: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രഭാഷണത്തില്‍ കുണ്ടറ വിളംബരവും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷത്തെക്കുറിച്ച് പരാമര്‍ശിച്ചാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. സ്വരാജ്യത്തില്‍ നിന്ന് ‘സ്വ’ തന്ത്രയിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമാണ് 1947 ആഗസ്ത് 15ന് സംഭവിച്ചത്. ദേശത്തെ മുന്നോട്ടു നയിക്കാനുള്ള കടിഞ്ഞാണ്‍ നമുക്ക് കിട്ടി. സ്വതന്ത്രഭരണത്തിലേക്കുള്ള യാത്ര നാമിപ്പോഴും തുടരുകയാണ്.
സ്വാതന്ത്ര്യം ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല. അതിനുവേണ്ടി സമസ്ത വിഭാഗങ്ങളിലും പെട്ടവര്‍ പൊരുതി. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും പോരാട്ടം നടന്നു. 1857ന് മുമ്പ് 1830കളില്‍ ദക്ഷിണ ഭാരതത്തില്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടമുണ്ടായി. കുണ്ടറ വിളംബരം മറ്റൊരു സമരമുഖമായിരുന്നു.
വെള്ളക്കാര്‍ ആധിപത്യത്തില്‍ വന്നാല്‍ പൂജയ്ക്ക് കര്‍പ്പൂരത്തിനും ഭക്ഷണത്തിന് ഉപ്പിനും വേണ്ടി നാമവരോട് ചോദിക്കേണ്ടിവരുമെന്ന് ജനങ്ങളെ ബോധവല്‍ക്കരിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം മഹാത്മാഗാന്ധിജി ഒരുപിടി ഉപ്പ് കുറുക്കിയാണ് ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചത്. സ്വാതന്ത്ര്യത്തിനായി നടന്ന പോരാട്ടങ്ങളെയും നയിച്ച മാനസിക വികാരം സമാനമായിരുന്നുവെന്ന് സര്‍സംഘചാലക് പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
Discussion about this post