ശ്രീനഗര്‍: വിദ്യാര്‍ത്ഥിനികള്‍ക്ക് സായുധപരിശീലനവുമായി ജമ്മുകശ്മീര്‍ പോലീസ്. തീവ്രവാദ ഭീഷണി ശക്തമായ ഉധംപൂര്‍ മേഖലയിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി മിഷന് ശക്തി എന്ന പേരില്‍ ഒരു മാസത്തെ സ്വയംപ്രതിരോധ പരിശീലന പരിപാടിക്കാണ് പോലീസ് തുടക്കമിട്ടത്. താഴ്വരയില് ഭീകരവാദം പുനഃസ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ സാധാരണ പൗരന്മാര്ക്ക് നേരെ അക്രമം നടക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
പെണ്‍കുട്ടികളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. അതിനാല്‍ അവര്‍ക്ക് ഏത് സാഹചര്യത്തിലും സ്വയം പ്രതിരോധിക്കാന്‍ കഴിയും. രക്ഷിതാക്കള്‍ക്ക് എപ്പോഴും ഒപ്പം നിന്ന് സംരക്ഷിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നേടേണ്ടത് തങ്ങളുടെ കൂടി ആവശ്യമാണെന്നും ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
വിവിധ സ്കൂളുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 45 വിദ്യാര്‍ത്ഥികള്‍ ഉധംപൂര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ധംപൂര്‍ ജില്ലയിലെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളും ഈ കൂട്ടത്തിലുണ്ട്. ഗ്രാമങ്ങളില്‍ നിന്ന് ഇവിടെ വരുന്ന പെണ്‍കുട്ടികള്‍ക്ക് ഇത് പുതിയ അനുഭവമാണെന്ന് ക്യാമ്പ് ലീഡര്‍ സ്നേഹ പഥക് പറഞ്ഞു. ഭീകരവാഴ്ചയില്‍ ചിതറിപ്പോയ കശ്മീരിജനത തങ്ങളുടെ സ്വന്തം നാട്ടില്‍ മടങ്ങിയെത്തി ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പരിശീലന പരിപാടികള്‍. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്കായി 45 ദിവസത്തെ സൗജന്യ കട്ടിംഗ് ആന്‍ഡ് തയ്യല്‍ പരിപാടി സെപ്തംബറില്‍ ഇന്ത്യന്‍ സേന നടത്തിയിരുന്നു.
Discussion about this post