ശ്രീനഗര്‍: ഭീകരാക്രമണങ്ങളില്‍നിന്ന് ഇതരസംസ്ഥാനത്തൊഴിലാളികളെ സംരക്ഷിക്കാന്‍ കശ്മീര്‍ കൈകോര്‍ക്കുന്നു. അക്രമണം ഭയന്ന് കശ്മീര്‍ വിടാനുള്ള നീക്കത്തില്‍നിന്ന് ഇതരസംസ്ഥാനത്തൊഴിലാളികളെ പിന്‍തിരിപ്പിക്കാനാണ് സൈന്യത്തിനും പോലീസിനുമൊപ്പം നാട്ടുകാരും രംഗത്തിറങ്ങുന്നത്. പുറത്തുനിന്നുള്ള തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയാല്‍ കശ്മീരിന്റെ സമ്പദ്വ്യവസ്ഥ തകരും. കശ്മീരിലെ 80 ശതമാനം തൊഴിലാളികളും പുറത്തുനിന്നുള്ളവരാണ്.
ഒക്ടോബര്‍ 2 മുതല്‍, ബിഹാര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 സാധാരണക്കാരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. നിരവധി ഹിന്ദുപണ്ഡിറ്റുകളും പുറത്തുള്ള തൊഴിലാളികളും കശ്മീര്‍ വിട്ടു. ഇതേത്തുടര്‍ന്നാണ് എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്ത് തദ്ദേശവാസികള്‍ രംഗത്തെത്തിയത്.
പഴയ ശ്രീനഗര്‍ നഗരത്തിലെ ഭൂവുടമയായ മുഹമ്മദ് അയിമിന്റെ വീട്ടില്‍ പതിനഞ്ച് പേരാണ് വാടകക്കാര്‍. അവര്‍ക്ക് കാവല്‍ നില്‍ക്കുകയാണ് അയിം. ആരും അവരെ ഉപദ്രവിക്കില്ലെന്ന് ഞാന്‍ എന്റെ ആ സഹോദരങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നെ വെടിവെച്ചിട്ടല്ലാതെ ഒരു തീവ്രവാദിക്കും അവരെ ഒന്നും ചെയ്യാനാവില്ല. കശ്മീരില്‍ ജീവിക്കാനാകാതെ അവര്‍ക്ക് നാട് വിടേണ്ടി വരുന്നത് ഈ നാടിന് കളങ്കമാണ്. അയിം പറയുന്നു.
2010 മുതല്‍ കശ്മീരില്‍ ബാര്‍ബറായി ജോലി ചെയ്യുകയാണ് ബീഹാറിലെ അഫാഖ് അഹമ്മദ്. വെല്ലുവിളികളെ നേരിട്ടാണ് കശ്മീരില്‍ അഫാഖ് പിടിച്ചുനിന്നത്. 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം സാധാരണജീവിതത്തിലേക്ക് പൊടുന്നനെയാണ് കശ്മീര്‍ എത്തിയത്. ഇവിടെനിന്ന് വിട്ടുപോകാന്‍ തോന്നാത്ത അന്തരീക്ഷമാണുണ്ടായിരുന്നതെന്ന് അഫാഖ് പറയന്നു.
അതേസമയം, കൊലപാതകങ്ങള്‍ക്ക് ശേഷം 20 ശതമാനം ബുക്കിംഗുകള്‍ റദ്ദാക്കിയെന്ന് ഹൗസിംഗ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഷീദ് പറയുന്നു. കശ്മീരിലെ ഏഴ് ലക്ഷം ആളുകള്‍ തോട്ടവിളയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. ഇത് ആപ്പിള്‍ വിളവെടുപ്പ് കാലമാണ്. പഴങ്ങള്‍ പറിക്കാന്‍ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുണ്ട്, ഇവിടേക്കാണ് യുപി, ബിഹാര്‍, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തിലധിം തൊഴിലാളികള്‍ വരുന്നത്.
ജമ്മു കശ്മീരിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ പൂന്തോട്ടപരിപാലനത്തിന്റെ വിഹിതം ഏകദേശം 7ശതമാനം ആണ്. താഴ്‌വരയിലെ 3.38 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് പഴങ്ങളുടെ ഉത്പാദനം നടക്കുന്നു. ഇതില്‍ 1.62 ലക്ഷം ഹെക്ടറിലാണ് ആപ്പിള്‍ കൃഷി ചെയ്യുന്നത്.
തൊഴിലാളികള്‍ മടങ്ങുന്നത് വികസനപദ്ധതികള്‍ക്കും തടസ്സമാണെന്ന് റോഡ് ആന്‍ഡ് ബില്‍ഡിംഗ്‌സ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Discussion about this post