ശ്രീനഗര്‍: ജമ്മുകശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ സന്ദര്‍ശനത്തിനിടെ ശ്രീനഗര്‍-ഷാര്‍ജ റൂട്ടില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് യാത്രാനുമതിയായി. ഷാ കശ്മീര്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. നേരത്തെ നിര്‍ത്തിവച്ചിരുന്ന യുഎഇ-ശ്രീനഗര്‍ വിമാനസര്‍വ്വീസാണ് പുനരുജ്ജീവിപ്പിക്കുന്നത്. ഇത് വികസനത്തിലേക്കുള്ള പച്ചക്കൊടി വീശലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശേഷിപ്പിച്ചു. ജമ്മു കശ്മീരിന്റെ വ്യാപാര, അടിസ്ഥാന സൗകര്യ വികസനത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനുമായി കൈകോര്‍ക്കുന്നതിന്റെ ഭാഗമാണ് വിമാനനയതന്ത്രം.
ആഭ്യന്തരമായും അന്തര്‍ദേശീയമായും കശ്മീരിനെ ഒറ്റപ്പെടുത്താനുള്ള നീക്കം തകര്‍ക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് വിദേശകാര്യവിദഗ്ധര്‍ വിലയിരുത്തുന്നു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിനും ലഡാക്കിനും ഇടയിലുള്ള തടസ്സങ്ങള്‍ തുരങ്കങ്ങളും റെയില്‍വേയും ഉപയോഗിച്ച് ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളുമായി ഈ മേഖലകള്‍ക്ക് യാത്രാബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
Discussion about this post