ആറങ്ങോട്ടുകരക്കാരന്‍ സത്യനാരായണന്‍ അരുണാചലുകാര്‍ക്ക് അങ്കിള്‍ മൂസ ആകുന്നതിന് പിന്നില്‍ അവധൂതസദൃശമായ ജീവിത തപസ്സുണ്ട്. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ മണ്ണിലേക്കിറങ്ങിവന്ന മോദി യുഗത്തിലാണ് മുണ്ടയൂര്‍ സത്യനാരായണനെ തേടിയും പത്മശ്രീ എത്തുന്നത്. ഇക്കുറി പത്മ പുരസ്‌കാരം സത്യനാരായണന്‍ ഏറ്റുവാങ്ങിയപ്പോള്‍ അഭിമാനിക്കുന്നത് മലയാളികളും കൂടിയാണ്.
തൃശ്ശൂരിലെ ആറങ്ങോട്ടുകര മുണ്ടയൂര്‍ മനയില്‍ സത്യനാരായണന്‍ എന്ന യുവാവ് ബിരുദാനന്തര ബിരുദമെടുത്ത് മുംബൈയിലെത്തി ഇന്‍കംടാക്‌സ് വകുപ്പില്‍ ഇന്‍സ്‌പെക്ടറായി ജോലിക്ക് ചേര്‍ന്നു. സ്വന്തം ചെലവില്‍ സ്‌കാവഞ്ചര്‍ എന്ന മാസിക നടത്തി. അതിലൂടെ ചേരികള്‍ നേരിടുന്ന അവഗണനകളെ കുറിച്ച് തനിക്കാവും വിധം ലോകത്തോട് സംവദിച്ചു. ആ ആത്മീയ യാത്ര എത്തിച്ചേര്‍ന്ന ഇടം ശ്രീരാമകൃഷ്ണമിഷനായിരുന്നു. മികച്ച ജോലിയും ശമ്പളവും ഉന്നത ജീവിത നിലവാരങ്ങളും ഉപേക്ഷിച്ച് 1979ലാണ് സത്യനാരായണന്‍ അരുണാചല്‍ പ്രദേശിലെ ലോഹിത്തിലേക്ക് പോയത്. അക്കാലം അരുണാചലിലെ ഗോത്രമേഖലകളില്‍ ദേശീയതയുടെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസരീതികളുമായി വേരുറപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു വിവേകാനന്ദ കേന്ദ്ര വിദ്യാലയം. സത്യനാരായണന്‍ അവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഓലക്കുടിലില്‍ താമസിച്ച്, ഒറ്റമുണ്ടുടുത്ത്, അവധൂതനെപ്പോലെ സത്യനാരായണന്‍ ലോഹിത്തിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സഞ്ചരിച്ചു. അറിവ് പകര്‍ന്നു. മുതിര്‍ന്നവര്‍ സത്യനാരായണ്‍ജിയെന്നും കുട്ടികള്‍ അങ്കിള്‍ മൂസയെന്നും വിളിച്ചു.
1996 വരെ വിവേകാനന്ദ കേന്ദ്ര വിദ്യാലയത്തിന്റെ ഭാഗമായിരിക്കുകയും അതുവഴി തന്റെ ആശയങ്ങളിലൂടെ ലോഹിത്തിലെ ഒരു തലമുറയെയാകെ സ്വാധീനിക്കുകയുമായിരുന്നു സത്യനാരായണന്‍. പുസ്തകങ്ങളുടെ ലോകത്തേക്ക് അദ്ദേഹം അവരെ കൂട്ടിക്കൊണ്ടുപോയി. ക്ലാസ്മുറികളില്‍ നിന്ന് പുസ്തകക്കൂട്ടത്തിലേക്ക് ആനയിച്ചു. വായനയുടെ സംസ്‌കാരത്തിലേക്ക് ലോഹിത്തിലെ യുവാക്കള്‍ സത്യനാരായണനൊപ്പം സഞ്ചരിച്ചു.
2007ലാണ് അസോസിയേഷന്‍ ഓഫ് റൈറ്റേഴ്സ് ആന്‍ഡ് ഇലസ്ട്രേറ്റേഴ്സ് ഫോര്‍ ചില്‍ഡ്രന്‍, അദ്ദേഹം കൂടി അംഗമായ വിവേകാനന്ദ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ, തേസുവിലെ ലോഹിത് യൂത്ത് ലൈബ്രറി മൂവ്മെന്റിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഒരു ഗ്രന്ഥശാല സ്ഥാപിച്ചത്. ബാംബൂസ ലൈബ്രറി. അറിവിന്റെ തണല്‍ പകരുന്ന മുളങ്കൂട്ടങ്ങള്‍…. തേസുവില്‍ നിന്ന് അരുണാചലില്‍ ആകെ ബാംബൂസ വായനശാലകള്‍ പടര്‍ന്നതിന്റെ വിജയഗാഥയാണ് സത്യനാരായണന്‍ മുണ്ടയൂരിന്റേത്. സംസ്ഥാനത്ത് 10,000-ലധികം പുസ്തകങ്ങള്‍ വീതമുള്ള പതിമൂന്ന് ബാംബൂസാ ഗ്രന്ഥശാലകള്‍ ഇപ്പോഴുണ്ട്. വക്രോ, ചോങ്ഖാം, അഞ്ജാവ്, ലത്താവോ എന്നിവിടങ്ങളിലൊക്കെ കുട്ടികള്‍ അങ്കിള്‍ മൂസയെയും ബാംബൂസയെയും നെഞ്ചേറ്റുകയായിരുന്നു. ഇപ്പോള്‍ രാജ്യവും ഈ ആറങ്ങോട്ടുകരക്കാരന്റെ സൗമ്യവും ശാന്തവുമായ സേവാനിരത ജീവിതത്തെ ഏറ്റെടുക്കുന്നു. നാട് അറിഞ്ഞ് നല്‍കിയ പത്മ ബഹുമതിയിലൂടെ!
Discussion about this post