ന്യൂദല്‍ഹി: ഹൈദരാലിയില്‍ നിന്ന് ചിത്രദുര്‍ഗയെ രക്ഷിക്കാന്‍ തന്റെ ഉലക്ക കൊണ്ട് പൊരുതിയ വീട്ടമ്മ ഒനക്ക ഒബവ്വയുടെ ജയന്തിദിനത്തില്‍ കന്നഡിഗര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അചഞ്ചലമായ നാരീശക്തിയുടെ ധീരമായ അടയാളമാണ് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒബവ്വയുടെ പോരാട്ടവീര്യമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവ വേളയില്‍ ഒബവ്വയെ പോലെയുള്ള ധീരവനിതകളുടെ സ്മരണകള്‍ രാജ്യത്തിനാകെ പ്രേരണയാണെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രദുര്‍ഗ കോട്ടയുടെ കാവല്‍ക്കാരനായിരുന്ന കഹാലെ മുദ്ദഹനുമയ്യയുടെ ഭാര്യയാണ് ഒനക്ക ഒബവ്വ. കോട്ട കീഴടക്കാനെത്തിയ ഹൈദരാലിയുടെ സൈനികരെ കയ്യിലിരുന്ന ഉലക്ക കൊണ്ട് നേരിടുകയായിരുന്നു ഒബവ്വ. നൂറിലധികം ശത്രുഭടന്മാരെ വധിച്ചാണ് ഒബവ്വ ധീരനായികയായത്.
നവംബര്‍ 11 ഒബവ്വയുടെ ജയന്തി ആഘോഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.
Discussion about this post