ന്യൂഡല്‍ഹി: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാഭീഷണിയായി ചൈന മാറുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് . ചൈന പാക്കിസ്ഥാനെക്കാള്‍ വലിയ ശക്തി ആയതിനാല്‍ ഏതൊരു സാഹചര്യത്തെയും ഇന്ത്യ നേരിടാന്‍ സജ്ജമാണ്. ഭാവിയില്‍ ചൈന ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രുവായി മാറുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കിഴക്കന്‍ ലഡാക്കില്‍ പതിനെട്ടു മാസം നീണ്ടുനിന്ന സൈനിക സംഘര്‍ഷം മൂര്‍ച്ഛിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ അടിയന്തര മുന്‍ഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. പാംഗോങ് സോ-കൈലാഷ് റേഞ്ച് മേഖല ഉള്‍പ്പെടെ ‘മിക്കവാറും എല്ലാ മേഖലകളിലും’ സംഘര്‍ഷസാധ്യത അവസാനിച്ചെങ്കിലും പൂര്‍ണമായി ഒഴിവായി എന്നു പറയാന്‍ സാധിക്കില്ല. ഇന്ത്യന്‍ സായുധ സേന, ഉയര്‍ന്ന മേഖലകളില്‍ തുടര്‍ച്ചയായ രണ്ടാം ശൈത്യകാലത്തേക്കുള്ള വിന്യാസത്തിനായി നന്നായി തയ്യാറെടുത്തു കഴിഞ്ഞു.
ചൈന കഴിഞ്ഞ വര്‍ഷം ഏപ്രിലിന് മുമ്പ് വരെയുള്ള സ്ഥാനങ്ങളിലേക്ക് അവരുടെ സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാകുന്നതു വരെ ഇന്ത്യന്‍ സൈന്യം പിന്നോട്ട് പോകില്ല. ചൈനയുമായി എന്തെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടാല്‍ അവരെ എതിര്‍ക്കാന്‍ ആവശ്യമായ കരുതലുകളും സ്വീകരിച്ചു കഴിഞ്ഞു. ചൈന വീണ്ടും ചില സ്ഥാനങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതിനാല്‍ ഇന്ത്യ ശക്തമായി എതിര്‍ക്കും. ചൈനീസ് പട്ടാളം അവിടെ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യയും അങ്ങനെ തന്നെ തുടരുമെന്നും ബിപിന്‍ റാവത്ത്.
Discussion about this post