ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരെ ഐക്യരാഷ്ട്രസഭാ വേദികള്‍ ദുരുപയോഗപ്പെടുത്തുന്ന് പാകിസ്ഥാന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യന്‍ കൗണ്‍സിലര്‍ ഡോ. കാജല്‍ഭട്ട്. കയ്യേറിയ എല്ലാ മേഖലകളില്‍ നിന്നും പാകിസ്ഥാന്‍ ഉടന്‍ ഒഴിയുന്നതാണ് നല്ലതെന്ന് അവര്‍ യുഎന്‍ രക്ഷാസമിതിയില്‍ മുന്നറിയിപ്പ് നല്‍കി.
‘ഇന്ത്യയുടെ നിലപാട് വ്യക്തമാണ്, ജമ്മു കശ്മീരും ലഡാക്കുമെല്ലാം അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ്. അനധികൃതമായി പാകിസ്ഥാന്‍ കടന്നുകയറി കൈപ്പിടിയിലാക്കിയ പ്രദേശങ്ങളും ഇതില്‍പ്പെടും. അനധികൃത അധിനിവേശത്തിന്‍ കീഴിലുള്ള എല്ലാ പ്രദേശങ്ങളില്‍ നിന്നും പാകിസ്ഥാന്‍ ഉടന്‍ ഒഴിയണം,’ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കൂടുയായ കാജല്‍ ഭട്ട് പറഞ്ഞു.
ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ പാകിസ്ഥാനുമായി ഇനിയൊരു അര്‍ത്ഥവത്തായ സംഭാഷണം നടത്താനാവൂ. ഇത്തരമൊരു അനുകൂല അന്തരീക്ഷം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനാണ്, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കാന്‍ ഇന്ത്യ ഉറച്ചതും നിര്‍ണ്ണായകവുമായ നടപടികള്‍ തുടരുമെന്നും കാജല്‍ഭട്ട് പറഞ്ഞു,
ഭാരതത്തിനെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ യുഎന്‍ നല്‍കിയ വേദികള്‍ ഉപയോഗിക്കുകയാണ്. അടിക്കടി കശ്മീര്‍ പ്രശ്നം ഉന്നയിക്കുന്ന ഇസ്ലാമാബാദിനെ തുറന്നുകാട്ടിയായിരുന്നു കാജലിന്‍റെ മറുപടി.
പാക് പ്രതിനിധികള്‍ ഇന്ത്യക്കെതിരെ ഇത്തരം വേദികളില്‍ ദുഷ്പ്രചാരണം നടത്തുന്നത് ആദ്യമായല്ല. അവരുടെ നാടിന്‍റെ ദയനീയാവസ്ഥ മൂടിവയ്ക്കാനും ലോകത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിടാനുമുള്ള പാഴ് വേലയാണ് പാകിസ്ഥാന്‍ പ്രതിനിധി നടത്തുന്നത്. തീവ്രവാദികള്‍ സ്വതന്ത്രമായി വിഹരിക്കുന്ന നാടാണ് പാകിസ്ഥാന്‍. ജനങ്ങള്‍, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവരുടെ ജീവിതം അവിടെ താറുമാറായിരിക്കുകയാണെന്ന് കാജല്‍ഭട്ട് ചൂണ്ടിക്കാട്ടി.
ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്യുകയാണ് സ്ഥാപിതകാലംതൊട്ടേ പാകിസ്ഥാന്റെ നയമെന്ന് അറിയാത്തവരല്ല യുഎന്‍ അംഗരാജ്യങ്ങളെന്ന് കാജല്‍ ചൂണ്ടിക്കാട്ടി. ‘രാജ്യത്തിന്‍റെ നയം എന്ന നിലയില്‍ തീവ്രവാദികളെ പരിശീലിപ്പിക്കുകയും പണവും ആയുധവും നല്‍കുകയും ചെയ്യുന്ന രാജ്യമാണതെന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. ഐക്യരാഷ്ട്രസഭ നിരോധിച്ച ഭീകരര്‍ക്കും ഭീകരസംഘടനകള്‍ക്കും വിരുന്നൊരുക്കിയതിന്‍റെ താവളം നല്‍കിയതിന്റെ നികൃഷ്ടമായ റെക്കോര്‍ഡ് പാകിസ്ഥാന്‍ നേടിയിട്ടുണ്ടെന്ന് ഇന്ത്യയുടെ കൗണ്‍സിലര്‍ അടിവരയിട്ടു.
പാകിസ്ഥാനടക്കം എല്ലാ രാജ്യങ്ങളുമായും സാധാരണ അയല്‍പക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഷിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.
Discussion about this post