ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭാരതത്തിന്‍റെ കാവൽക്കോട്ടകളാണെന്ന് ആസാം മുഖ്യമന്ത്രി ദേശീയ വികാരം അലയടിക്കുന്നതിന്‍റെ തെളിവാണ് മണിപ്പൂരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച കത്‌നി കൊന്യാക്കിന്‍റെ ധീരപിതാവ് ഗ്രാമവാസികൾക്ക് മുന്നിൽ അഭിമാനത്തോടെ പറഞ്ഞ വാക്കുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘രാജ്യത്തെ ശക്തമാക്കാൻ രണ്ട് ആൺമക്കളെ ഞാൻ നൽകി, ഇന്ന് ഒരാൾ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് വീട്ടിലേക്ക് മടങ്ങി, ഒരു മകൻ കൂടി എനിക്കുണ്ട്. കൊന്യാക് സഹോദരന്മാർ മരണത്തെ ഭയക്കില്ല. അവർ രാജ്യത്തെ സേവിക്കുന്നത് തുടരണം. എന്‍റെ മകൻ നാടിന് വേണ്ടി രക്തം നൽകി. ആ ബലിദാനത്തിൽ ഞാൻ അഭിമാനിക്കുകയാണ്….’ നവംബർ 13 ന് മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച റൈഫിൾമാൻ കാത്നി കൊന്യാക്കിന്‍റെ ധീരപിതാവ്, നാഗാലാൻഡിലെ ടിസിറ്റിൽ മകന്‍റെ സംസ്‌കാര ചടങ്ങിനിടെ ഗ്രാമവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതാണിത്. വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾ കൊന്യാക്കിന്‍റെ വാക്കുകളെ നെഞ്ചേറ്റുകയാണെന്ന് ഹിമന്തബിശ്വശർമ്മ പറഞ്ഞു.
ബക്സ ജില്ലയിൽ ബരാമയിൽ വീരബലിദാനി സുമൻ സ്വർഗിയരിയുടെ കുടുംബത്തെ സന്ദർശിക്കുമ്പോഴാണ് മാറുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ആസാം മുഖ്യമന്ത്രി വാചാലനായത്. സംസ്ഥാന സർക്കാരിൽ നിന്നുള്ള 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി. മണിപ്പൂർ ഭീകരാക്രമണത്തിൽ സുമൻ സ്വർഗിയരിയും വീരമൃത്യു വരിച്ചിരുന്നു. സ്വർഗിയരിയുടെ വീട്ടിലേക്ക് ഗ്രാമപാത നിർമിക്കുമെന്നും അതിന് സ്വർഗിയറിയുടെ പേര് നൽകുമെന്നും ഡോ. ശർമ പറഞ്ഞു.
മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വീരമൃത്യുവരിച്ച 46 അസം റൈഫിൾസിലെ അഞ്ച് സൈനികരെ ആദരിക്കുന്നതിനായി മിസോറാം ആസ്ഥാനമായുള്ള അസം റൈഫിൾസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങിൽ മിസോറാം ഗവർണർ ഹരി ബാബു കമ്പംപതി, ഡിജിപി എസ്ബികെ സിങ് തുടങ്ങിയവർ പങ്കെടുത്തു
Discussion about this post