ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നവരാണ് ഇവര്‍ അഞ്ചുപേരും.
ഞായറാഴ്ച രാവിലെ ആറരയ്ക്കാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലെത്തി രണ്‍ജീതിനെ ഭാര്യയുടേയും, അമ്മയുടേയും മകളുടെയും കണ്‍മുന്നില്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ആറ് ബൈക്കുകളിലായി പന്ത്രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ രണ്‍ജീതിന്റെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരുംതന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതിനിടെ കളക്‌ട്രേറ്റില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിലേക്ക് പുറപ്പെട്ട എസ്ഡിപിഐ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ നഗരസഭയിലെ മുല്ലാത്ത് വളപ്പ് വാര്‍ഡ് കൗണ്‍സിലര്‍ സലീം മുല്ലാത്തും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു. പ്രതികളെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നു. നേരത്തെ കസ്റ്റഡിയിലുള്ള മറ്റുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
പ്രതികള്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന രണ്ടു ബൈക്കുകള്‍ കണ്ടെടുത്തു. മണ്ണഞ്ചേരി പൊന്നാട് ഭാഗത്ത് വീടിന് സമീപം ഉപേക്ഷിച്ച നിലയിലാണ് ഒരു ബൈക്ക് കണ്ടെത്തിയത്. ഇതില്‍ രക്തക്കറ കണ്ടെത്തി. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
അതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കുകള്‍ എസ്ഡിപിഐ നേതാവിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരുടേതാണെന്നാണ് പ്രാദേശിക തലത്തില്‍ ലഭിക്കുന്ന വിവരം. അതായത് ഞായറാഴ്ച പുലര്‍ച്ചെ രണ്‍ജിത്തിനെ കൊലപ്പെടുത്തിയവര്‍ അന്നു വൈകിട്ട് വരെ മണ്ണഞ്ചേരിയില്‍ സൈ്വരവിഹാരം നടത്തിയെന്ന് വ്യക്തമാകുകയാണ്. കൊലയാളികള്‍ക്കായി പോലീസ് വ്യാപക പരിശോധന നടത്തിയെന്ന് അവകാശപ്പെടുമ്പോഴാണ് ഇവര്‍ പരസ്യമായി സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തതായി കരുതുന്നത്.
Discussion about this post