ഗോരഖ്പൂര്‍ (ഉത്തര്‍പ്രദേശ്): അക്രമവാഴ്ചയില്‍ ഉത്തര്‍പ്രദേശിനെ സ്വസ്ഥജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് ബിജെപി സര്‍ക്കാരാണെന്ന് യോഗി ആദിത്യനാഥ്. അക്രമം ഭയന്ന് ജനങ്ങള്‍ പലായനം ചെയ്ത കാലം യുപിയുടെ ഓര്‍മ്മകളിലുണ്ട്. ഇന്ന് പക്ഷേ തീര്‍ത്ഥാടകരുടെയും സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായി ഈ നാട് മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗോരഖ്പൂരില്‍ ‘പഞ്ചാബി സമ്മാന്‍ സമ്മേളന’ത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് ഭരണകാലങ്ങളില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് അരാജകത്വത്തിന്റെ പിടിയിലായിരുന്നു. വ്യാപാരികള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി, കലാപങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. മന്ത്രിമാര്‍ക്ക് സ്വന്തം കാര്യമായിരുന്നു വലുത്. സമൂഹത്തെ അവര്‍ പരിഗണിച്ചില്ല. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം ശാന്തമാണ്. അമ്മമാരും പെണ്‍മക്കളും സുരക്ഷിതരാണ്. ബിജെപി സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷത്തെ ഭരണം ഉത്തര്‍പ്രദേശിനെക്കുറിച്ചുള്ള മുഴുവന്‍ കാഴ്ചപ്പാടും മാറ്റിമറിച്ചു. ക്രമസമാധാനനിലയടക്കം എല്ലാ മേഖലകളിലും നാട് പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബി സമ്മാന്‍ സമ്മേളനത്തില്‍’ പങ്കെടുക്കുന്നതിന് മുമ്പ്, ഗൊരഖ്പൂര്‍ സിറ്റി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ മുഖ്യമന്ത്രി മൊഹ്ദിപൂരിലെ ഗുരുദ്വാര ശ്രീഗുരുനാനാക് സത്സംഗ് സഭ സന്ദര്‍ശിച്ചു. രാംനഗറില്‍ വീടുവീടാന്തരം പ്രചാരണം നടത്തുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും.
Discussion about this post