നാഗ്പൂര്‍: ഭാരതരത്ന ലതാ മങ്കേഷ്‌കറിന്റെ വേര്‍പാടില്‍ എന്റെ മാത്രമല്ല, ഓരോ ഭാരതീയന്റെയും മനസ്സില്‍ ഉടലെടുത്ത വേദനയും ശൂന്യതയും വാക്കുകളില്‍ വിവരിക്കുക പ്രയാസമാണ്. എട്ട് പതിറ്റാണ്ടായി ഭാരതീയരുടെയാകെ ഹൃദയങ്ങളെ ആര്‍ദ്രമാക്കുകയും സംതൃപ്തമാക്കുകയും സമാധാനിപ്പിക്കുകയും ചെയ്ത ആനന്ദധാര നമുക്ക് നഷ്ടപ്പെട്ടു. ഇനി സ്വരമഴ പെയ്യില്ല. വിശുദ്ധിയുടെയും സാധനയുടെയും മൂര്‍ത്തിയായിരുന്നു ലതാജി.
ലതാജിയുടെ സംഗീത സാധനയെക്കുറിച്ച് ധാരാളം പേര്‍ക്ക് അറിയാം. ഇത്രയും സ്വരസിദ്ധഗായികയായിട്ടുകൂടി ഒരു ഗാനം ആലപിക്കണമെങ്കില്‍ അതിനായി വലിയ സാധന ലതാജി ചെയ്യുമായിരുന്നു. പതിമൂന്നാം വയസ്സില്‍ പാടാന്‍ തുടങ്ങുമ്പോള്‍ എത്രത്തോളം സാധന ചെയ്യുമോ അത്രയും തപസ് ഓരോ പാട്ടിനും അവര്‍ സ്വീകരിച്ചു. എല്ലാ മേഖലകളിലും ലതാജി ഇതേ തപസ്യയാണ് പിന്‍തുടര്‍ന്നത്.
വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും തൊഴില്‍ ജീവിതത്തിലും എല്ലായിടത്തും ഉള്ള പെരുമാറ്റം, പരിശുദ്ധിയും തപസ്സും നിറഞ്ഞതായിരുന്നു, സാധനയുടെ ഉത്തമ മാതൃകയായിരുന്നു, ലതാജി. എല്ലാവര്‍ക്കും മാതൃകാപരമായ മാതൃക. ഇത്രയും നിസ്വാര്‍ത്ഥതയോടെ വിജയകരവും അര്‍ത്ഥപൂര്‍ണ്ണവുമായ ജീവിതത്തിന്റെ അടയാളമായി മാറിയ ലതാ ദീദി യാത്രയായി. ആ ദുഃഖം താങ്ങാനുള്ള സഹനത ദൈവം നമുക്ക് നല്‍കട്ടെ, ഈ വിയോഗം താങ്ങാനുള്ള കരുത്ത് മങ്കേഷ്‌കര്‍ കുടുംബത്തിനും ഉണ്ടാകട്ടെ.
ദീദിയുടെ പവിത്ര സ്മരണ, സ്വരമായി, നാദമായി, ഈണമായി നിലനില്‍ക്കും. എന്നാലും ആ ഭൗതികസാന്നിധ്യത്തിന് ഓര്‍മ്മകളെ ആശ്രയിക്കേണ്ടിവരും, ആ ഓര്‍മ്മയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Discussion about this post