ചെറുകോല്‍പ്പുഴ: മതേതര സര്‍ക്കാരുകള്‍ ആചാരങ്ങളിലേക്ക് കടന്നു കയറുന്നത് ആശാസ്യമല്ലെന്ന് കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ മാര്‍ഗദര്‍ശന സഭയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു ആശയം മറ്റൊരു ആശയത്തെ നിന്ദിക്കാതെ പരസ്പര ആദരവോടെ ജീവിക്കാന്‍ കഴിയണം. പാദ പൂജ ചെയ്യുന്നത് തെറ്റാണെന്ന് മതേതര സര്‍ക്കാരുകളാണോ പറയേണ്ടത്. വ്യവസ്ഥയ്ക്കുള്ളില്‍ വച്ച് നവീകരിക്കാനുള്ള സംവിധാനമാണ് പ്രായോഗികം. അതിന് പകരം ആചാരങ്ങളിലും വിശ്വാസത്തിലും കടന്നുകയറുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. പ്രപഞ്ചത്തിന്റെ താളക്രമത്തിനനുസരിച്ച് പ്രപഞ്ചത്തിന് ഒരു ദോഷം ഉണ്ടാക്കരുതെന്ന ബോധത്തോടെ ജീവിതം ചിട്ടപ്പെടുത്തുന്നതാണ് ധാര്‍മിക ജീവിതം. പരിപാലിക്കേണ്ടതും ധരിക്കേണ്ടതും സ്വയം ആചരണത്തിലൂടെ രക്ഷിക്കേണ്ടതുമാണ് ധര്‍മം. വൈദികമായ മൂല്യങ്ങളെ മുറുകെപ്പിടിച്ച് ആചരിക്കേണ്ടതാണ് ധര്‍മം. ആചാരമാണ് ധര്‍മത്തില്‍ മുഖ്യമായത്. അതുകൊണ്ടാണ് ആചാര പരമോ ധര്‍മ എന്ന് വ്യാസ ഭഗവാന്‍ പറഞ്ഞത്. ശാസ്ത്രം എന്നത് ലിഖിതമായി ലഭിച്ചവ മാത്രമല്ല. ഗുരുശിഷ്യ പരമ്പരയിലൂടെ വന്ന ഉപദേശങ്ങള്‍ വേദശാസ്ത്രങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സീമ ജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ ധര്‍മരക്ഷയ്ക്ക് കുടുംബവും രാഷ്ട്രവും എന്ന വിഷയത്തിലും ഡോ.ടി.എസ്. വിജയന്‍ കാരുമാത്ര ധര്‍മരക്ഷയ്ക്ക് കുലദൈവങ്ങളും ക്ഷേത്രവും എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, ഹിന്ദുമത മഹാമണ്ഡലം ജോയിന്റ് സെക്രട്ടറി ഡി. രാജഗോപാല്‍, ഹിന്ദുമത മഹാമണ്ഡലം ജനറല്‍ കമ്മിറ്റി അംഗം വി.വിജയകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post