ബെംഗളൂരു: ബെംഗളൂരു സ്‌ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ ലഭിച്ചുവെന്നും ഇത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഫോണ്‍ റെക്കോര്‍ഡിങ് ഉള്‍പ്പെടെയുള്ള പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണക്കോടതിക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച സുപ്രീം കോടതി കേസിലെ 21 പ്രതികള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച്, അന്തിമ വിചാരണ സ്റ്റേ ചെയ്തു. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചതിനു പിന്നാലെ അന്തിമ വിചാരണ സ്റ്റേ ചെയ്യണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നിഖില്‍ ഗോയല്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചു.
പുതിയ തെളിവുകള്‍ പരിഗണിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാനാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് വിചാരണ പൂര്‍ത്തിയായ ശേഷം മാത്രമേ ഇനി അന്തിമ വാദം കേള്‍ക്കൂ.
എന്നാല്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് പ്രതികളുടെ വാദം. പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് വിചാരണ അനന്തമായി നീട്ടും എന്നും പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചു.
Discussion about this post