കൊല്‍ക്കത്ത: മമതയെ ഒഴിവാക്കി പോസ്റ്റര്‍. ആറ് മാസത്തിനുള്ളില്‍ പുതിയ തൃണമൂലെന്ന് കാമ്പയിന്‍. മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തി ബംഗാളില്‍ പുതിയ രാഷ്ട്രീയവിവാദം. മമതയുടെ അടുപ്പക്കാരായ പാര്‍ത്ഥ ചാറ്റര്‍ജിയും അനുബ്രത മൊണ്ടലും അറസ്റ്റിലായതിനായതിനെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായ കലാപത്തിന്റെ ഭാഗമാണ് പുതിയ പോസ്റ്ററെന്നാണ് വിലയിരുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിനുശേഷം ഇതാദ്യമായാണ് മമതാ ബാനര്‍ജിയുടെ ചിത്രമില്ലാതെ ബംഗാളില്‍ പാര്‍ട്ടിയുടെ പോസ്റ്റര്‍ ഇറങ്ങുന്നത്. മമതയെ ഒഴിവാക്കി പോസ്റ്ററുകളിലെല്ലാം അഭിഷേക് ബാനര്‍ജിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൗത്ത് കൊല്‍ക്കത്തയിലെ ഹസ്‌റ, കാളിഘട്ട്, മമതയുടെ വീട് നില്‍ക്കുന്ന ഭവാനിപൂര്‍ മേഖലകളിലാണ് വ്യാപകമായി പോസ്റ്റര്‍ പതിച്ചത്.
അതേസമയം പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷ് ഒഴികെ മുതിര്‍ന്ന നേതാക്കളാരും പോസ്റ്റര്‍ വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അഭിഷേക് ബാനര്‍ജിയുടെ അടുത്ത ആളായി അറിയപ്പെടുന്ന കുനാല്‍ ഘോഷ് പോസ്റ്ററില്‍ തെറ്റൊന്നുമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ‘അഭിഷേകിന്‍റെ തന്നെ വാചകങ്ങള്‍ ചേര്‍ത്തുള്ള പോസ്റ്ററുകളായതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ചിത്രം അതില്‍ ചേര്‍ത്തിട്ടുള്ളത്. കൂടുതല്‍ ആവേശമുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് അതിന് പിന്നില്‍. അതില്‍ തെറ്റില്ല, കുനാല്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. ഒരുവര്‍ഷത്തിലേറെയായി തൃണമൂലില്‍ രണ്ട് അധികാര കേന്ദ്രങ്ങളാണ്. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും അഴിമതിയും കൊള്ളയും പുറത്തായതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങള്‍, അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post