ന്യൂദല്‍ഹി: മെല്‍ബണില്‍ പാകിസ്ഥാനെ നേരിടുന്നത് ആവേശകരമായ അനുഭവമാണെന്ന് ഋഷഭ് പന്ത്. ധാരാളം ഭാരതീയരുള്ള അവിടെത്തന്നെ ആ മത്സരം നടക്കുന്നതിന്‍റെ ത്രില്ലിലാണ് ടീം. മെല്‍ബണിലെ ഇന്ത്യക്കാര്‍ക്ക് അറിയാം നമ്മുടെ ടീം മിടുക്കരാണെന്ന്, പന്ത് പറഞ്ഞു. ടി20 ലോകക്കപ്പ് പ്രതീക്ഷകളെക്കുറിച്ച് ഓസ്ട്രേലിയന്‍ സ്റ്റേറ്റ് ഓഫ് വിക്ടോറിയയുടെ ടൂറിസം ബോര്‍ഡായ വിസിറ്റ് വിക്ടോറിയ സംഘടിപ്പിച്ച പരിപാടിയില്‍ മനസ്സ് തുറക്കുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.
ടി20 ലോകക്കപ്പിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സമ്മര്‍ദമുണ്ടെന്ന് ഋഷഭ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോകക്കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന്റെ സമ്മര്‍ദം വലുതാണ്. അതേസമയം ടീം മൊത്തത്തില്‍ ശ്രദ്ധാപൂര്‍വമാണ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നതെന്ന് പന്ത് പറഞ്ഞു.
‘ലോകകപ്പ് അടുത്തിരിക്കെ, മുഴുവന്‍ ടീമും അല്‍പ്പം സംഭ്രമത്തിലാണ്, എന്നാല്‍ അതേ സമയം, ടീമെന്ന നിലയില്‍, 100 ശതമാനം നല്‍കാനും കളിയില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
2013 ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റ് ജയിച്ചിട്ടില്ല, ഇത്തവണ അതിന് മാറ്റമുണ്ടാകും. എന്തായാലും ”ഞങ്ങള്‍ ഫൈനലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, പന്ത് പറഞ്ഞു.
ഓസ്ട്രേലിയയില്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ കഴിയുന്നത്ര കാണികളുണ്ടാകണമെന്നാണ് ആഗ്രഹം. ആഹ്ലാദത്തിന്റെ ആരവങ്ങള്‍ നല്‍കുന്ന പിന്തുണ ചെറുതല്ല. 2020-21 പരമ്പരയിലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ചരിത്ര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനായത് ക്രിക്കറ്റ് കരിയറിലെ പ്രധാനപ്പെട്ട നിമിഷങ്ങളാണെന്ന് പന്ത് പറഞ്ഞു.
Discussion about this post