ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ നിയന്ത്രണം ലക്ഷ്യമിട്ട് ചൈന നീക്കം ശക്തമാക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിരോധത്തിന്‍റെ വന്‍മതിലാവാന്‍ ലക്ഷദ്വീപ് ഒരുങ്ങുന്നു. ദ്വീപ സമൂഹങ്ങളിലെ ആള്‍ത്താമസമില്ലാത്ത ദ്വീപുകളില്‍ കൂടുതല്‍ സൈനിക സാന്നിധ്യമൊരുക്കിയും മേഖലയിലെ നിരീക്ഷണം ശക്തമാക്കിയും ഇന്ത്യ ലക്ഷദ്വീപിനെ തന്ത്രപരമായി ഉപയോഗിക്കും. ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ സ്വീകരിച്ച നടപടികള്‍ പലതും സൈനിക ലക്ഷ്യത്തോടു കൂടിയവയാണ്. ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് എത്തിയതോടെയാണ് ഇന്ത്യയുടെ സൈനിക നീക്കങ്ങളും ചര്‍ച്ചയായത്.
ഇരുപതിനായിരം കിലോമീറ്റര്‍ വരുന്ന ടെറിറ്റോറിയല്‍ വാട്ടര്‍ മേഖലയും 4 ലക്ഷം കി.മി എക്സ്‌ക്ലൂസീവ് എക്കണോമിക്സ് സോണും നിയന്ത്രിക്കാന്‍ സാധിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. മുപ്പത്താറു ദ്വീപസമൂഹങ്ങളില്‍ നാലോ അഞ്ചോ ദ്വീപുകളില്‍ മാത്രമാണ് ആള്‍ത്താമസമുള്ളത്. കവരത്തിയിലെ നാവിക ആസ്ഥാനം മാത്രമാണ് ഇതുവരെ ഇന്ത്യക്ക് ദ്വീപിലുള്ളത്. ഈ സാഹചര്യം മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം.
പേര്‍ഷ്യന്‍ ഗള്‍ഫിനെ കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന 9 ഡിഗ്രി ചാനല്‍ എന്ന സുപ്രധാന സമുദ്രപാതയിലാണ് ലക്ഷദ്വീപിന്റെ സ്ഥാനം. ചരക്ക് ഗതാഗതത്തിന്‍റെയും മറ്റു നാവിക നീക്കങ്ങളുടേയും കേന്ദ്രമായ 200 കിലോമീറ്റര്‍ വീതിയിലുള്ള 9ഡിഗ്രി ചാനലിനെ സമ്പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ ലക്ഷദ്വീപിലെ ഇന്ത്യയുടെ സൈനിക, നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങള്‍ക്ക് സാധിക്കും. ഇതിന് പുറമേ യുഎസ്, ഓസ്ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സഖ്യമായ ക്വാഡിന്‍റെ സാന്നിധ്യവും ലക്ഷദ്വീപിന് കരുത്തു പകരും.
ദീര്‍ഘദൂര ട്രാക്കിംഗ് സംവിധാനങ്ങള്‍, രാത്രികാഴ്ചാ ക്യാമറകള്‍, 46 റഡാര്‍ സംവിധാനങ്ങള്‍, 16 കമാന്‍ഡ്, കണ്‍ട്രോള്‍ സ്റ്റേഷനുകള്‍ എന്നിവയ്ക്ക് പുറമേ 38 റഡാര്‍ സ്റ്റേഷനുകളും അഞ്ചു കമാന്‍ഡ് സെന്ററുകളും കാര്‍വാര്‍, കൊച്ചി, ലക്ഷദ്വീപ് അടങ്ങുന്ന സമുദ്ര മേഖലയ്ക്കായി ഇന്ത്യ സജ്ജമാക്കുകയാണ്. സീയുസ് കനാലിന് കിഴക്ക് ഏറ്റവും ശക്തമായ നാവിക ആസ്ഥാനമായി വടക്കന്‍ കര്‍ണ്ണാടകത്തിലെ കാര്‍വാര്‍ ഒരുങ്ങുന്നു. ബേപ്പൂര്‍ തുറമുഖ വികസനത്തിന്റെ പിന്നിലെ ലക്ഷ്യങ്ങളും സമാനമാണ്.
Discussion about this post