എന്ഗോമി(സൈപ്രസ്): സൈപ്രസിലെ മകരേയോ സ്റ്റേഡിയത്തില്‍ യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിച്ച് ഗോകുലം കേരളയുടെ സൂപ്പര്‍ താരം മനീഷ കല്യാണ്‍. ഇതോടെ യൂറോപ്യന്‍ ക്ലബ് മത്സരത്തില്‍ ആദ്യമായി പന്ത് തട്ടുന്ന ഇന്ത്യക്കാരിയായി അപ്പോളോണ്‍ ലേഡീസ് എഫ്സി ക്ക് വേണ്ടി കളത്തിലിറങ്ങിയ കല്യാണ്‍.
വ്യാഴാഴ്ച നടന്ന യുഡബ്ല്യുസിഎല് ഉദ്ഘാടന മത്സരത്തില്‍ ലാത്വിയന്‍ ടോപ് ഫ്ളൈറ്റ് ക്ലബ് എസ്എഫ്കെ റിഗയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അപ്പോളോണ്‍ തോല്പിച്ചത്. കളിയുടെ 60-ാം മിനിറ്റില്‍ സൈപ്രസിന്റെ മരിലീന ജോര്‍ജിയോയ്ക്ക് പകരക്കാരിയായാണ് കല്യാണ്‍ ഇറങ്ങിയത്.
സൈപ്രിയറ്റ് ടോപ്പ് ഡിവിഷന് ജേതാക്കളായ അപ്പോളോണ്‍ ലേഡീസുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ഇരുപതുകാരിയായ മനീഷ കല്യാണ്‍ ഒപ്പുവച്ചത്. ഒരു വിദേശ ക്ലബിലേക്ക് ഒപ്പുവയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരമാണ് കല്യാണ്‍.
ഇന്ത്യന്‍ വനിതാ ലീഗില്‍ ദേശീയ ടീമിനും ഗോകുലം കേരളയ്ക്കും വേണ്ടി കല്യാണ്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. 2021-22 സീസണിലെ എഐഎഫ്എഫ് വുമണ്‍ ഫുട്ബോളറായ കല്യാണ്‍ എഎഫ്സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി. കഴിഞ്ഞ വര്‍ഷം മുന്‍ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ബ്രസീലിനെതിരെ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ അവരുടെ നാട്ടില്‍ ഗോള്‍ നേടിയതോടെയാണ് കല്യാണ്‍ ലോകോത്തര ക്ലബ്ബുകളുടെ കണ്ണിലുടക്കിയത്. ഡാങ്മി ഗ്രേസ് ഉസ്ബെക്ക് ക്ലബ്ബായ എഫ്സി നാസഫില് ചേര്‍ന്ന ഡാങ്മി ഗ്രേസിന് ശേഷം ഗോകുലം കേരളയില്‍ നിന്ന് ഒരു വിദേശക്ലബ്ബിലേക്ക് ചേക്കേറുന്ന താരമാണ് കല്യാണ്‍.
Discussion about this post