കോഴിക്കോട്: നവതിയുടെ മധുരം നുകരുമ്പോഴും എംജിഎസിന് പറയാനുണ്ടായിരുന്നത് ചരിത്രത്തെക്കുറിച്ച് തന്നെ. ‘ഇനിയും പഠിക്കാനുണ്ട്; എഴുതാനുണ്ട്; പുതിയ കണ്ടെത്തലുകള്‍ ഉണ്ടാവുമ്പോള്‍ പഴയതിന് നിലനില്‍പ്പുണ്ടാവില്ല. ഇനിയുമെഴുതണം.’ എം.ജി.എസ്. നാരായണന്‍ പറയുന്നു. പിറന്നാള്‍ ആഘോഷമായൊന്നുമുണ്ടായിരുന്നില്ല. ഭാര്യ പ്രേമി (പ്രേമലത) പായസം നല്‍കി. കൊവിഡ് കാരണം ബംഗളൂരുവില്‍ നിന്ന് മക്കളായ വിനയനാരായണനും വിജയകുമാര്‍ നാരായണനുമെത്താനായില്ല. ആശംസകളുമായി അയല്‍ക്കാരും അടുത്ത ചില സുഹൃത്തുക്കളുമെത്തിയിരുന്നു. അവരുടെ ഇടയിലിരുന്നപ്പോള്‍ വാര്‍ധക്യത്തിന്‍റെ അവശതകള്‍ മറന്ന് എംജിഎസ് പഴയ ചരിത്രാധ്യാപകനായി. ‘സ്വാതന്ത്ര്യം ലഭിച്ച 1947 ലാണ് ഞാന്‍ എസ്എസ്എല്‍സി വിജയിച്ചത്. വലിയ ആഘോഷമായിരുന്നു അന്ന്. ജാതിയും മതവുമൊക്കെ ഇന്നത്തെപ്പോലെ അന്ന് പൊങ്ങി നിന്നിരുന്നില്ല. എന്നാല്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം പൂര്‍ണ്ണമായും പിന്നീട് സാഫല്യത്തിലെത്തിയില്ല. നെഹ്‌റു ചരിത്രബോധമുള്ള നേതാവായിരുന്നു. സമത്വത്തിലേക്ക് നീങ്ങുമെന്നായിരുന്നു അന്ന് യുവാക്കള്‍ സ്വപ്‌നം കണ്ടിരുന്നത് എന്നാല്‍ പ്രതീക്ഷകള്‍ പൂര്‍ണ്ണമായില്ല. എന്നാലിന്ന് അത്ര മോശമാണെന്നും പറയാനാവില്ല’, അദ്ദേഹം പറഞ്ഞു.
‘സമഗ്രമായ ഭാരതസ്വാതന്ത്ര്യ സമരചരിത്രം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. സര്‍ക്കാരല്ല ചരിത്രമെഴുതേണ്ടത്. ഭാരതത്തില്‍ നല്ല സര്‍വ്വകലാശാലകള്‍ ഉണ്ടായില്ല. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അതിന് മുന്‍കൈ എടുത്തില്ല. അത് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. ശാസ്ത്രീയ ചരിത്രരചനാരീതികള്‍ അവലംബിക്കണം. പ്രാദേശിക ചരിത്രരചനകള്‍ ഇന്ന് സജീവമാണ്. ഇത് പുതിയ അന്വേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും കാരണമാവും. ഓറല്‍ ഹിസ്റ്ററി വിശ്വസനീയമല്ല. അതില്‍ അവരവരുടേതായ ഭാവനാ വിലാസം ഉണ്ടാകും’, അദ്ദേഹം പറഞ്ഞു.
ലണ്ടന്‍ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെല്ലോ ആയി എത്തിയപ്പോള്‍ ഉണ്ടായ അനുഭവം അദ്ദേഹം പങ്ക് വച്ചു. ‘ഡോ. വെന്‍ഡി ഓഫ്‌ലാര്‍ട്ടി എന്ന അമേരിക്കന്‍ പ്രൊഫസര്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ ശ്രീരാമനെക്കുറിച്ച് ബ്ലഡി രാമ എന്ന പദം പ്രയോഗിച്ചു. ഒട്ടേറെ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥികളും ബ്രിട്ടനിലെ പ്രശസ്തരായ ഇന്ത്യാ വിദഗ്ധന്മാരും ഉള്ള സദസില്‍ ഒരു പ്രതികരണവുമുണ്ടായില്ല. വിമര്‍ശനം സഭ്യമാകണമെന്നും ശ്രീരാമനെക്കുറിച്ച് പറഞ്ഞ വിശേഷണം പിന്‍വലിക്കണമെന്നും ഞാനാവശ്യപ്പെട്ടു. പിറ്റേന്നത്തെ ചര്‍ച്ചയില്‍ എന്റെ ചില പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ തലേന്നത്തെ തെറ്റായപ്രയോഗം പിന്‍വലിക്കാന്‍ അവര്‍ തയ്യാറായി.’ അദ്ദേഹം ഓര്‍ത്തെടുത്തു. ഡോ. ആര്‍സുവാണ് സംഭവം എംജിഎസിന്‍റെ ഓര്‍മ്മയിലെത്തിച്ചത്. ‘എന്‍ മനസിന്‍ ആലിലയില്‍ പള്ളികൊള്ളും കണ്ണനുണ്ണി,’ എന്ന ഗാനം പാടിയാണ് കൈതപ്രം സ്‌നേഹാശംസകള്‍ കൈമാറിയത്. അതിനിടയില്‍ ഏറെ ശിഷ്യരും തങ്ങളുടെ അധ്യാപകന് ആശംസകള്‍ ഫോണിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ചരിത്ര വിദ്യാര്‍ത്ഥിയായിരുന്ന ലീന മോറെ പാരീസില്‍ നിന്ന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചപ്പോള്‍ എംജിഎസ് ഒരിക്കല്‍ക്കൂടി പഴയ അധ്യാപകന്‍റെ ഊര്‍ജ്ജത്തില്‍ ഏറെ സംസാരിച്ചു.
Discussion about this post