തിരുവനന്തപുരം: കുറ്റാരോപിതരുടെ വാക്കുകള്‍ കുറ്റാന്വേഷകര്‍ക്ക് മാതൃകയായി മാറുന്ന രീതി ശരിയല്ലെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമ ചര്‍ച്ചകളില്‍ കുറ്റാരോപിതരുടെ വാക്കുകളാണ് ആഘോഷിക്കപ്പെടുന്നത്. ഇങ്ങനെ പോയാല്‍ നീതിയുടെ പെന്‍ഡുലം എങ്ങനെ മുന്നോട്ടുപോകുമെന്ന് ആശങ്കയുണ്ട്. നെഗറ്റീവ് വാര്‍ത്തകള്‍ക്കൊപ്പം പോസിറ്റീവ് വാര്‍ത്തകളും വായനക്കാര്‍ക്ക് നല്‍കുന്ന സംവിധാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുസരിച്ച് ഏറ്റവും വലിയ അവകാശമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് വ്യക്തികളുടെ മാന്യതയും അഭിമാനവുമാണ്. മാനനഷ്ടക്കേസുകളുടെ അടിസ്ഥാനം ഇതാണ്. ഉപയോഗിക്കുന്ന ഭാഷ മാന്യതയുള്ളതായിരിക്കണം. വാക്കുകളുടെ അന്തസ് കാത്തുസൂക്ഷിക്കണം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ആ ആളിനുമാത്രമല്ല അതുമായി ബന്ധപ്പെട്ടവര്‍ക്കുണ്ടാകുന്ന വികാരങ്ങളും കണക്കിലെടുക്കണം. സത്യത്തെക്കാള്‍ വലുതല്ല സ്വന്തം താല്പര്യങ്ങള്‍. മാധ്യമങ്ങള്‍ രാജ്യതാല്പര്യത്തിനും പൊതുതാല്പര്യങ്ങള്‍ക്കും അനുസരിച്ച് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം.
ആദ്യകാല പത്രപ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന സര്‍വവിജ്ഞാനകോശങ്ങളായിരുന്നു. തിലകനും ഗാന്ധിജിയും നെഹ്‌റുവും ജയപ്രകാശ് നാരായണനും ദീനദയാല്‍ ഉപാധ്യായയും വാജ്‌പേയിയുമെല്ലാം മാധ്യമപ്രവര്‍ത്തനം നടത്തിയവരാണ്. പഴയകാല നേതാക്കള്‍ ജനങ്ങളുമായി സംവദിക്കേണ്ടിവരുമ്പോള്‍ മാധ്യമങ്ങളാണ് ഏറ്റവും നല്ലമാര്‍ഗ്ഗമെന്ന് കണ്ടറിഞ്ഞവരാണ്. മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ പാടില്ല. എതിര്‍പ്പുകളെ അതിജീവിക്കാനുള്ള ആത്മവീര്യം പൊതുപ്രവര്‍ത്തകര്‍ക്കുണ്ടാവുകയാണ് വേണ്ടതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി അധ്യക്ഷനായി. ശശിതരൂര്‍ എംപി, വി.കെ.പ്രശാന്ത് എംഎല്‍എ, പാലോട് രവി തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post