പൂനെ: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ “ഹൈഡ്രജൻ ബസ്” കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പുറത്തിറക്കി. ശാസ്ത്ര, വ്യവസായ ഗവേഷണ കൗൺസിലും (സിഎസ്ഐആർ) പൂനെയിലെ കെപിഐടി ലിമിറ്റഡും ചേർന്നു നിർമിച്ചതാണു ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന ബസ്.
ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബസ് ഹരിത വാതകങ്ങൾ പുറന്തള്ളുന്നില്ലെന്നതിനാൽ പരിസ്ഥിതി സൗഹൃദവുമാണ്. നിർമലമായ ഊർജത്തിലൂടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈഡ്രജൻ വിഷൻ ലക്ഷ്യമിടുന്നതെന്നു ചടങ്ങിൽ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തെ പരിസ്ഥിതി സൗഹൃദവും കൂടിയാക്കുകയാണ് ഈ പദ്ധതിയെന്നും അദ്ദേഹം.
പുറന്തള്ളുന്നത് വെള്ളം
ബസിലെ ഹൈഡ്രജൻ സെല്ലുകൾ ഹൈഡ്രജനും അന്തരീക്ഷവായുവും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ഇതുപയോഗിച്ച് ബസിന്റെ എൻജിൻ പ്രവർത്തിപ്പിക്കുകയുമാണു ചെയ്യുന്നത്. പെട്രോളിയം ഇന്ധനമായി ഉപയോഗിക്കുമ്പോൾ കാർബൺ പുറന്തള്ളുമെങ്കിൽ ഹൈഡ്രജൻ ബസിൽ രാസപ്രവർത്തനങ്ങളുടെ അവശിഷ്ടമായി പുറന്തള്ളുന്നത് ജലമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതിക്ക് ദോഷമില്ല. ദീർഘദൂര സർവീസ് നടത്തുന്ന ഡീസൽ ബസുകൾ പ്രതിവർഷം 100 ടണ്ണിലേറെ ഹരിതവാതകമാണു പുറന്തള്ളുന്നത്. ഇത്തരം ലക്ഷക്കണക്കിന് ബസുകളും ട്രക്കുകളുമാണു രാജ്യത്ത് നിരന്തരം സർവീസ് നടത്തുന്നത് എന്നോർക്കുക.
ഉയർന്ന ഊർജക്ഷമത
ഉയർന്ന ഊർജക്ഷമതയാണു ഹൈഡ്രജൻ ബസിന്റെ മറ്റൊരു പ്രത്യേകത. അതുപോലെ ഹൈഡ്രജൻ നിറയ്ക്കാൻ 7മിനിറ്റ് മതി. പമ്പുകളിൽ നിന്നു പെട്രോളോ ഡീസലോ നിറയ്ക്കുന്നതിനു സമാനമാണിത്.
ഒരു ബസിന് 1.5 കോടി
ഒരു ബസിന് ഒന്നരക്കോടി രൂപയെങ്കിലും ചെലവു വരും. നിലവിലെ കണക്കു പ്രകാരം ഒരു കിലോഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ശരാശരി 140 രൂപ വേണം. ഒരു കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് കാറുകൾക്ക് പരമാവധി 100 കിലോമീറ്റർ വരെ സഞ്ചരിക്കാം. ബസുകൾക്ക് ഇത്രയും ദൂരം പറ്റില്ല. ഹൈഡ്രജൻ സൂക്ഷിക്കുന്നതിനും വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതും ചെലവേറെയാണ്. സുരക്ഷിതമായ ചാർജിങ് സ്റ്റേഷനുകളുമുണ്ടാകണം.
ഇന്ത്യയിൽ അവതരിപ്പിച്ചത് ടാറ്റ
യൂറോപ്യൻ രാജ്യങ്ങളിൽ ഹൈഡ്രജൻ ബസുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ ബസ് അവതരിപ്പിച്ചത് ടാറ്റ മോട്ടോഴ്സും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചേർന്നായിരുന്നു. 2018ൽ മുംബൈയിൽ പരീക്ഷിച്ച ഈ ബസുകൾ ഹൈഡ്രജൻ ഫ്യുവൽ സെല്ലും കപ്പാസിറ്ററും ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.
Discussion about this post