ന്യൂഡൽഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് എൻവി രമണ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ ചുമതലയേൽക്കും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരിൽ അധിക കാലം പദവിയിൽ തുടർന്ന ചീഫ് ജസ്റ്റിസാണ് എൻവി രമണ. 1957 ഓഗസ്റ്റ് 27ന് ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിൽ ജനിച്ച എൻവി രമണ 1983-ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. തുടർന്ന് ആന്ധ്ര ഹൈക്കോടതിയിലും, മറ്റു ട്രിബ്യുണലുകളിലും, പിന്നീട് സുപ്രീം കോടതിയിലും സേവനമനുഷ്ഠിച്ചു.നിരവധി നിർണായകമായ സിവിൽ, ക്രിമിനൽ കേസുകൾ വാദിച്ച് പ്രസിദ്ധനായി. 2000-ൽ ആന്ധ്രാപ്രദേശ് ജഡ്ജിയായി നിയമിതനായി.
തുടർന്ന് 2013ൽ സ്ഥാനക്കയറ്റം ലഭിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി. പിന്നീട് 2014-ലാണ് സുപ്രീം കോടതിയിലേക്ക് നിയമിതനായത്. ആന്ധ്ര ഹൈക്കോടതിയിൽ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ ജഡ്ജിയാണ് എൻ വി രമണ.കഴിഞ്ഞ വർഷം മാർച്ച് 24നാണ് രാജ്യത്തെ 48-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. എസ്.എ. ബോബ്‌ഡെയുടെ പിൻഗാമിയായാണ് നിയമിച്ചത്.
സ്വതന്ത്ര ഇന്ത്യയുടെ 49-ാം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യുയു ലളിത് നാളെ ചുമതലയേൽകും. അഭിഭാഷകവൃത്തിയിൽ നിന്നും സുപ്രീംകോടതി നേരിട്ട് ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തിയാണ് അദ്ദേഹം. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയുമാണ് യുയു ലളിത്.
2014 ഓഗസ്റ്റിലാണ് സുപ്രീംകോടതി യുയു ലളിതിനെ അഭിഭാഷകവൃത്തിയിൽ നിന്നും ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. മുത്വലാഖ് നിരോധനവും ലൈംഗിക താൽപര്യത്തോടെ കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുന്നതെല്ലാം ലൈംഗീക പീഡനമായി കണക്കാക്കാമെന്നും ഉൾപ്പെടെയുള്ള സുപ്രധാന വിധികൾ പുറപ്പെടുവിച്ചത് അദ്ദേഹമായിരുന്നു
Discussion about this post